കോണ്‍ഗ്രസിനെ പിടിച്ചുലച്ച് കത്ത്; കത്തിന്റെ ഉള്ളടക്കത്തില്‍ ഉറച്ചു നില്‍ക്കാന്‍ ഐ ഗ്രൂപ്പ് തീരുമാനം, നിര്‍വാഹകസമിതി യോഗം ഇന്ന്

 ഉമ്മന്‍ചാണ്ടി , രമേശ് ചെന്നിത്തല , സോണിയാ ഗാന്ധി , കോണ്‍ഗ്രസ് , വിഎം സുധീരൻ
തിരുവനന്തപുരം| jibin| Last Modified വെള്ളി, 18 ഡിസം‌ബര്‍ 2015 (08:27 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ആഭ്യന്തരമന്ത്രി ഹൈക്കമാൻഡിന് കത്തയച്ചെന്ന ആരോപണം സംസ്ഥാന കോണ്‍ഗ്രസിനെ വെട്ടിലാക്കിയ സാഹചര്യത്തില്‍ നിര്‍വാഹകസമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. കത്ത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസി ജോസഫ് രംഗത്തെത്തിയിട്ടുണ്ട്. സോണിയാ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിനാണ് ചെന്നിത്തലയുടെ പേരില്‍ കത്ത് ലഭിച്ചിരിക്കുന്നത്. അതേസമയം, കത്തിന്റെ ഉള്ളടക്കത്തില്‍ ഉറച്ചു നിന്ന് എതിര്‍പ്പുകളെയും ആരോപണങ്ങളെയും നേരിടാം എന്ന തീരുമാനത്തിലാണ് ഐ ഗ്രൂപ്പ്.

ചെന്നിത്തല ഹൈക്കമാൻഡിന് കത്തയച്ച സാഹചര്യത്തില്‍ കേരളത്തിലെ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡ് ഇടപെട്ടിരുന്നു.
മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എന്നിവരെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു. ഈ മാസം 22ന് നേതാക്കളുമായി ഹൈക്കമാൻഡ് കൂടിക്കാഴ്ച നടത്തും. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, ഉപാദ്ധ്യക്ഷൻ രാഹുൽഗാന്ധി, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് എന്നിവരാണ് കൂടിക്കാഴ്ചയിൽ ങ്കെടുക്കുക. കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണിയും ചർച്ചകളിൽ പങ്കാളിയാവും.

രമേശ് ചെന്നിത്തലയുടെ കത്തിന്റെ ഉള്ളടക്കം:-

പക്ഷപാതിത്വവും ആധികാരികതയും ജനങ്ങളെ കോൺഗ്രസിൽ നിന്നും യുഡിഎഫിൽനിന്നും അകറ്റി. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തകർച്ചയിൽ സർക്കാരിനും പങ്കുണ്ട്. സർക്കാരിൽ അഴിമതി വ്യാപകമാണെന്നും ചെന്നിത്തലയുടെ കത്തില്‍ പറയുന്നുണ്ടെന്നാണ് ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

കേരളത്തിലെ ബിജെപിയുടെ വളര്‍ച്ച ആശങ്ക പകരുന്നതാണ്. യുഡിഎഫിന് പതിവായി വോട്ട് ചെയ്‌തിരുന്ന നായര്‍ സമുദായം ഇന്ന് ബിജെപിക്കൊപ്പം ചേരുകയാണ്. ബിജെപിയുടെ വളർച്ചയിൽ ശക്തമായ പഠനവും വിശകലനവും ആവശ്യമാണ്. അതിശക്തമായ രീതിയിലാണ് ബിജെപിയുടെ വളര്‍ച്ച. തദ്ദേശതെരഞ്ഞെടുപ്പില്‍ ഈ കാര്യം വ്യക്തമായതാണ്. ഈ സാഹചര്യത്തില്‍ ബിജെപിയുടെ വളര്‍ച്ചയെ തടയാനുള്ള പ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്നും ചെന്നിത്തലയുടെ കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

നായര്‍ സമുദായം പലയിടത്തും ബിജെപിക്കൊപ്പം നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. ഇതിന് പിന്നാലെ ഈഴവ വിഭാഗവും ബിജെപിയുടെ വളര്‍ച്ചയില്‍ പങ്കാളികളായിരിക്കുകയാണ്. തദ്ദേശതെരഞ്ഞെടുപ്പില്‍ മുൻസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും ബിജെപി അക്കൗണ്ട് തുറക്കാന്‍ കാരണമായത് ഇത്തരം ബന്ധങ്ങളാണെന്നും കത്തില്‍ പറയുന്നുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുകയാണ്. നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടി ശക്തമായി തിരിച്ചുവരണമെങ്കില്‍ വിശദമായ വിലയിരുത്തലുകളും പദ്ധതികളും ആവശ്യമാണ്. തദ്ദേശതെരഞ്ഞെടുപ്പില്‍ ആവശ്യമായ പഠനങ്ങളും മുന്നൊരുക്കങ്ങളും ഉണ്ടായില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ അങ്ങനെയാകരുത്. വിമതസ്ഥാനാർഥികളെ അനുനയിപ്പിക്കുന്നതിനും നടപടികളെടുക്കുന്നതിനും തയാറായിരുന്നില്ലെന്നും ചെന്നിത്തല കത്തിൽ പറയുന്നു. അതേസമയം, ഇത്തരത്തിൽ ഒരു കത്ത് രമേശ് ചെന്നിത്തല അയച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ഓഫിസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :