ന്യൂഡൽഹി|
jibin|
Last Modified ശനി, 19 ഡിസംബര്‍ 2015 (08:23 IST)
നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും ഇന്ന് പട്യാലഹൗസ് കോടതിയിൽ ഹാജരാകും. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ഹാജരാകാനാണ് ഇരുവര്‍ക്കും മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് നിർദ്ദേശം നൽകിയിരിക്കുന്നത്. കേസില്‍ ജാമ്യാപേക്ഷ നല്‍കേണ്ടതില്ല എന്ന നിലപാടാണ് സോണിയയും രാഹുലും സ്വീകരിച്ചിരുന്നത്.
സോണിയയും രാഹുലും കോടതിയില്‍ എത്തുന്ന സാഹചര്യത്തില്‍ പട്യാല കോടതിയിലും പരിസരത്തും സുരക്ഷ ശക്തമാക്കി. വിചാരണസമയത്ത് കോടതിക്ക് പുറത്തും അകത്തുമായി നൂറ് കണക്കിന് അർദ്ധ സൈനിക വിഭാഗങ്ങള്‍ സുരക്ഷ കൈകാര്യം ചെയ്യും. പുതുതായി 16 സുരക്ഷാ ക്യാമറകൾ കോടതിയിൽ സ്ഥാപിച്ചു. കോടതിയിലേക്ക് വരുന്ന റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് കാൽനടയാത്രക്കാരെയും വാഹനങ്ങളെയും പൊലീസ് നിയന്ത്രിക്കും.
നാഷനല്‍ ഹെറാള്‍ഡിന്റെ ആസ്തി കൈയടക്കാന്‍ ക്രമക്കേട് കാട്ടിയെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജിയാണ് വിചാരണക്കോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ സോണിയക്കും രാഹുലിനുമെതിരെ കോടതി അയച്ച സമന്‍സ് പ്രകാരമുള്ള നടപടികളാണ് ശനിയാഴ്ച നടക്കുന്നത്. സമന്‍സ് ചോദ്യംചെയ്ത് ഇരുവരും നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് വിചാരണക്കോടതിയില്‍ ഹാജരാകുന്നത്.
കേസില്‍ ജാമ്യാപേക്ഷ നല്‍കേണ്ടതില്ല എന്ന നിലപാടാണ് സോണിയയും രാഹുലും സ്വീകരിച്ചിരുന്നത്. കേസ് ബിജെപിയുടെ പകപോക്കലായി കണ്ട് രാഷ്ട്രീയമായി നേരിടുക എന്ന സമീപനത്തിന്റെ ഭാഗമായിരുന്നു ഈ നിലപാട് .