രേണുക വേണു|
Last Modified ബുധന്‍, 11 ഫെബ്രുവരി 2026 (16:58 IST)
കേരളത്തിലുടനീളമുള്ള 29 പ്രമുഖ ക്ഷേത്രങ്ങളില്‍ കോയമ്പത്തൂര്‍ ഈശ യോഗ സെന്ററില്‍ നിന്നുള്ള മഹാശിവരാത്രി ആഘോഷങ്ങള്‍ തത്സമയം പ്രദര്‍ശിപ്പിക്കുന്നു. ഇതിലൂടെ സദ്ഗുരുവിനൊപ്പം രാത്രി മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഈ ആഘോഷ പരിപാടികളില്‍ പങ്കുചേരാന്‍ കേരളത്തിലെ ഭക്തര്‍ക്ക് അവസരമൊരുങ്ങും. കൂടാതെ, ഇതില്‍ 12 ക്ഷേത്രങ്ങളില്‍ വെച്ച് ഭക്തര്‍ക്ക് 'രുദ്രാക്ഷ ദീക്ഷ' സ്വീകരിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും.
2026 ഫെബ്രുവരി 15-ന്, ലോകം മുഴുവന്‍ വെള്ളിയാങ്കിരി
മലനിരകളുടെ താഴ്വരയിലുള്ള ഈശ യോഗ സെന്ററിലെ ആദിയോഗിയിലേക്ക് ഉറ്റുനോക്കും. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവുമധികം ആളുകള്‍ തത്സമയം വീക്ഷിക്കുന്നതുമായ ആത്മീയ പരിപാടികളിലൊന്നായ മഹാശിവരാത്രി അവിടെ ആഘോഷിക്കുന്നു. സൂപ്പര്‍ ബൗള്‍, ഗ്രാമി അവാര്‍ഡ്സ്, ഓസ്‌കാര്‍ തുടങ്ങിയ ആഗോള പരിപാടികളേക്കാള്‍ കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഒന്നായി ഈ മഹാശിവരാത്രി മാറിയിരിക്കുന്നു. യോഗിയും മിസ്റ്റിക്കുമായ സദ്ഗുരുവിന്റെ നേതൃത്വത്തില്‍ ഭക്തിയും സംഗീതവും ധ്യാനവും ഒന്നിക്കുന്ന രാത്രിയുടനീളമുള്ള ഈ ആഘോഷം, 100-ലധികം ടിവി ചാനലുകളിലൂടെയും ഡിജിറ്റല്‍ സ്ട്രീമുകളിലൂടെയും 24 ഇന്ത്യന്‍-വിദേശ ഭാഷകളിലായി 14 കോടിയിലധികം ആളുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മനുഷ്യശരീരത്തിലെ ഊര്‍ജ്ജം സ്വാഭാവികമായി മുകളിലേക്ക് ഉയരുന്നതിനാല്‍ ആത്മീയ വളര്‍ച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ, സവിശേഷമായ ഒരു ഗ്രഹ പ്രതിഭാസമാണ് 'ശിവന്റെ മഹാരാത്രി' എന്നറിയപ്പെടുന്ന മഹാശിവരാത്രി. സദ്ഗുരു പറയുന്നത് ഇങ്ങനെയാണ്, ''ദക്ഷിണ കൈലാസം' എന്ന് വിളിക്കപ്പെടുന്ന വെള്ളിയാങ്കിരി മലനിരകളുടെ താഴ്വരയിലായിരിക്കുന്നതിന്റെ ഗുണം നമുക്കുണ്ട്. ഐതിഹ്യങ്ങള്‍ പ്രകാരം ശിവന്‍ തന്നെ മൂന്നര മാസത്തിലധികം ഇവിടെ ചെലവഴിച്ചിട്ടുണ്ട്. നമ്മള്‍ 11 ഡിഗ്രി അക്ഷാംശത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഭൂമിയുടെ ചെരിവും കറക്കവും കണക്കിലെടുക്കുമ്പോള്‍ ഇത് വളരെ പ്രധാനമാണ്. ഏതാണ്ട് 11 ഡിഗ്രി അക്ഷാംശത്തിലാണ് അപകേന്ദ്ര ബലം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത്; അതിനര്‍ത്ഥം ഇവിടെ ഊര്‍ജ്ജത്തിന്റെ സ്വാഭാവികമായ ഉയര്‍ച്ചയുണ്ടാകും എന്നാണ്. ഈ ഊര്‍ജ്ജ പ്രവാഹം അതിന്റെ ഉച്ചസ്ഥായിയിലെത്തുന്ന ദിവസമാണ് മഹാശിവരാത്രി. ഈ രാത്രിയില്‍ സന്നിഹിതനാകാന്‍ പറ്റിയ ഏറ്റവും നല്ല സ്ഥലവും ഇതാണ്.'' ലോകമെമ്പാടുമുള്ള ആത്മീയ അന്വേഷകര്‍ക്ക് ഈ രാത്രിയില്‍ ഉറക്കമിളച്ച് ഉണര്‍ന്നിരിക്കാനും, ഈശ യോഗ സെന്ററില്‍ നേരിട്ടെത്തിയോ ഓണ്‍ലൈന്‍ തത്സമയ സംപ്രേക്ഷണത്തിലൂടെയോ ആഘോഷങ്ങളില്‍ പങ്കുചേരാനും സാധിക്കും.
ഫെബ്രുവരി 15 ന് ധ്യാനലിംഗത്തില്‍ നടക്കുന്ന പഞ്ചഭൂത ആരാധനയോടെ ആഘോഷങ്ങള്‍ ആരംഭിക്കുന്നു. പ്രകൃതിയിലെ അഞ്ച് മൂലകങ്ങളെയും (ഭൂമി, ജലം, അഗ്‌നി, വായു, ആകാശം) ആദരവോടെ സമീപിക്കുന്ന ശക്തമായ ഒരു ശുദ്ധീകരണ ചടങ്ങാണിത്. 15-ാം തീയതി രാത്രി മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് ലിംഗഭൈരവി മഹായാത്രയാണ്. സ്‌ത്രൈണശക്തിയുടെ പ്രഭാവം വിളിച്ചോതുന്ന ഈ ഗംഭീരമായ ഘോഷയാത്ര ഈ രാത്രിക്ക് ഒരു പ്രത്യേക ആത്മീയ തീവ്രത നല്‍കുന്നു. മഹാശിവരാത്രി പ്രമാണിച്ച്, ഈശ യോഗ സെന്ററിലെ ധ്യാനലിംഗ ക്ഷേത്രവും ലിംഗഭൈരവി ദേവിയുടെ സന്നിധിയും രാത്രി മുഴുവന്‍ ഭക്തര്‍ക്കായി തുറന്നിരിക്കും.
ഈ രാത്രിയിലെ പ്രധാന ആകര്‍ഷണം 112 അടി ഉയരമുള്ള ആദിയോഗി പ്രതിമയെ ജീവസുറ്റതാക്കുന്ന 'ആദിയോഗി ദിവ്യദര്‍ശനം' എന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയാണ്. യോഗയുടെ ഉത്ഭവത്തെക്കുറിച്ച് സദ്ഗുരു വിവരിക്കുമ്പോള്‍, അത് അവിടെ ഒത്തുചേര്‍ന്ന പതിനായിരക്കണക്കിന് ആളുകളിലും ഓണ്‍ലൈനിലൂടെ വീക്ഷിക്കുന്ന ദശലക്ഷക്കണക്കിന് പ്രേക്ഷകരിലും ഒരേപോലെ അത്ഭുതവും ആദരവും നിറയ്ക്കുന്നു.
പുരാതനവും ആധുനികവുമായ സംഗീത ശൈലികള്‍ സമന്വയിക്കുന്ന വൈവിധ്യമാര്‍ന്ന പ്രകടനങ്ങളാല്‍ ഈ രാത്രി താളാത്മകമാകും. ഗുജറാത്തി നാടന്‍ പാട്ടുകളുടെ തനിമയും ആവേശവും പകരുന്ന ആദിത്യ ഗാധ്വിയുടേയും, പരമ്പരാഗത-നാടന്‍ വാദ്യമേളങ്ങളുടെ ഇടിമുഴക്കം തീര്‍ക്കുന്ന പ്രശാന്ത് സോനാഗ്രയുടേയും സംഘത്തിന്റെയും പ്രകടനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഈശയുടെ സ്വന്തം സംഗീത ബാന്‍ഡായ സൗണ്ട്സ് ഓഫ് ഈശ, സ്വരൂപ് ഖാന്‍, ബ്ലേസ്, പാരഡോക്‌സ് എന്നിവരോടൊപ്പം കലാകാരന്മാരായ സ്വാഗത് റാത്തോഡ്, പൃഥ്വി ഗന്ധര്‍വ് എന്നിവരുമായി ചേര്‍ന്ന് നാടന്‍ പാട്ടുകളുടെയും ആധുനിക സംഗീതത്തിന്റെയും മനോഹരമായ ഒരു ദൃശ്യ-ശ്രാവ്യ വിരുന്നൊരുക്കും
അര്‍ദ്ധരാത്രിയില്‍, സദ്ഗുരു എല്ലാവരെയും 'മഹാമന്ത്ര' ദീക്ഷയിലേക്ക് നയിക്കും. തുടര്‍ന്ന് ബ്രഹ്‌മമുഹൂര്‍ത്തത്തില്‍ (പുലര്‍ച്ചെ 3:40-ന്), ആ രാത്രിയിലെ സവിശേഷമായ ഗ്രഹസ്ഥാനങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഒരു ശക്തമായ ധ്യാനത്തിന് അദ്ദേഹം നേതൃത്വം നല്‍കും. സദ്ഗുരു സകല സൃഷ്ടിയുടെയും ഉറവിടമായി വിശേഷിപ്പിക്കുന്ന 'തന്നിലെ ശൂന്യതയെ' അനുഭവിക്കാനുള്ള അപൂര്‍വ്വമായ അവസരമാണ് ഇതിലൂടെ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കുന്നത്.
ഈശയിലെ മഹാശിവരാത്രി ഇന്ന് അന്താരാഷ്ട്ര ആത്മീയ കലണ്ടറിലെ ഒരു പ്രധാന നാഴികക്കല്ലായി മാറിയിരിക്കുന്നു. വിശിഷ്ട വ്യക്തികള്‍, സാംസ്‌കാരിക നായകര്‍, ആത്മീയ നേതാക്കള്‍ എന്നിവര്‍ സ്ഥിരമായി ഈ ചടങ്ങില്‍ പങ്കെടുക്കാറുണ്ട്. ഈശ യോഗ സെന്ററിലെ ഊര്‍ജ്ജസ്വലമായ അന്തരീക്ഷത്തില്‍ നേരിട്ടെത്തിയാലും, അല്ലെങ്കില്‍ ലോകത്തിന്റെ ഏത് കോണിലിരുന്ന് തത്സമയം വീക്ഷിച്ചാലും, 2026-ലെ മഹാശിവരാത്രി അവബോധത്തിന്റെയും ഉണര്‍വ്വിന്റെയും മറക്കാനാവാത്ത ഒരു അനുഭവമായിരിക്കുമെന്ന് ഉറപ്പാണ്.
12 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ പരിപാടി ഫെബ്രുവരി 15-ന് ഇന്ത്യന്‍ സമയം വൈകുന്നേരം 6 മണി മുതല്‍ സദ്ഗുരുവിന്റെ യൂട്യൂബ് ചാനലുകളിലും പ്രധാന മാധ്യമ ശൃംഖലകളിലും 24 ഭാഷകളിലായി തത്സമയം സംപ്രേക്ഷണം ചെയ്യും. പരിപാടിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക മഹാശിവരാത്രി വെബ്‌പേജില്‍ ലഭ്യമാണ്.