അഭിറാം മനോഹർ|
Last Modified ബുധന്‍, 11 ഫെബ്രുവരി 2026 (13:13 IST)
ന്യൂഡല്‍ഹി: സ്‌കൂളുകളിലും സര്‍ക്കാര്‍ ചടങ്ങുകളിലും ദേശീയഗാനമായ ജനഗണമനയ്ക്ക് മുന്‍പായി ദേശീയ ഗീതമായ വന്ദേ മാതരം ആലപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 1937ല്‍ കോണ്‍ഗ്രസ് നീക്കം ചെയ്ത വരികള്‍ ഉള്‍പ്പടെ 6 ചരണങ്ങളും ഇനി മുതല്‍ ആലപിക്കണം. ദേശീയഗാനത്തിന് നല്‍കുന്ന അതേ ആദരവും പ്രോട്ടോക്കോളുമാണ് ദേശീയഗീതത്തിനും നിര്‍ബന്ധമാക്കുന്നത്.
1937 ല്‍ ഒഴിവാക്കിയ ദുര്‍ഗാ ദേവിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുന്ന ചരണങ്ങള്‍ ഉള്‍പ്പെടെ എല്ലാ ആറ് ചരണങ്ങളും സര്‍ക്കാര്‍ പരിപാടികളിലും സ്‌കൂളുകളിലും ദേശീയഗാനത്തിന് മുമ്പ് ആലപിക്കണമെന്നാണ് പുതിയ മാര്‍ഗരേഖയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ദേശീയഗീതത്തിന്റെ ഔദ്യോഗിക പതിപ്പ് ആലപിക്കുമ്പോഴോ വായിക്കുമ്പോഴോ പ്രേക്ഷകര്‍ ശ്രദ്ധാപൂര്‍വം എഴുന്നേറ്റു നില്‍ക്കണം. ദേശീയഗാനത്തെയോ ഗീതത്തെയോ തടസ്സപ്പെടുത്തിയാല്‍ പരമാവധി 3 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം.
ജനുവരി 28 ന് പുറത്തിറക്കിയ 10 പേജുള്ള ഉത്തരവ് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും മന്ത്രാലയങ്ങള്‍ക്കും ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും കേന്ദ്രം അയച്ചിട്ടുണ്ട്. ദേശീയപതാക ഉയര്‍ത്തല്‍, രാഷ്ട്രപതിയുടെ വരവും പോക്കും, അവരുടെ പ്രസംഗങ്ങള്‍ക്ക് മുമ്പും പിന്നാലെയും, ഗവര്‍ണര്‍മാരുടെ പരിപാടികളിലും വന്ദേ മാതരം നിര്‍ബന്ധമാണ്.
പത്മ അവാര്‍ഡുകള്‍ പോലുള്ള സിവിലിയന്‍ ബഹുമതി ചടങ്ങുകളിലും രാഷ്ട്രപതി പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും വന്ദേ മാതരം ആലപിക്കും. സ്‌കൂളുകളില്‍ ദിവസത്തിന്റെ പ്രവര്‍ത്തനം ദേശീയഗീതത്തിന്റെ കൂട്ടായ ആലാപനത്തോടെ ആരംഭിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
1870 കളില്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജി സംസ്‌കൃതവല്‍ക്കരിച്ച ബംഗാളി ഭാഷയില്‍ രചിച്ച വന്ദേ മാതരം സ്വാതന്ത്ര്യസമര കാലത്ത് വ്യാപകമായി ഉപയോഗിച്ചിരുന്ന ഗാനമാണ്. 1950 ല്‍ ആദ്യ രണ്ട് ചരണങ്ങള്‍ ഇന്ത്യയുടെ ദേശീയഗീതമായി അംഗീകരിക്കുകയായിരുന്നു. ശേഷിക്കുന്ന 4 ചരണങ്ങളില്‍ ഹിന്ദു ദേവതമാരെ പ്രകീര്‍ത്തിച്ച് പറയുന്നതിനാല്‍ ഇന്ത്യയുടെ മതേതര സ്വഭാവത്തെ മുന്‍നിര്‍ത്തിയായിരുന്നു ആ ഭാഗങ്ങള്‍ ദേശീയഗീതത്തില്‍ നിന്നും ഒഴിവാക്കിയത്.
മുസ്ലിം സമുദായങ്ങളെ പ്രീണിപ്പിക്കാന്‍ പ്രധാന ചരണങ്ങള്‍ ഒഴിവാക്കിയതിന് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെയും കോണ്‍ഗ്രസിനെയും ബിജെപി കാലങ്ങളായി വിമര്‍ശിച്ചിരുന്നു. ദേശീയഗാനത്തിന് വ്യക്തമായ നിയമങ്ങള്‍ ഉണ്ടെങ്കിലും വന്ദേ മാതരത്തിന് ഇതുവരെ ഔപചാരിക പ്രോട്ടോക്കോള്‍ ഉണ്ടായിരുന്നില്ല.