വെബ്ദുനിയ ലേഖകൻ|
Last Updated:
തിങ്കള്‍, 7 ഡിസംബര്‍ 2020 (09:51 IST)
എല്ലൂരു: ആന്ധ്രപ്രദേശിലെ എല്ലൂരുവിൽ അജ്ഞാത രോഗം പടർന്നുപിടിയ്ക്കുന്നു. രോഗബാധിതനായ ഒരാൾ മരണപ്പെടുകയും ചെയ്തു. 292 പേരാണ് ഒരേ രോഗലക്ഷണങ്ങളൂമായി ആശുപത്രികളിൽ എത്തിയത്. ഇതിൽ 140 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടിട്ടുണ്ട്. മറ്റുള്ളവരുടെ നില തൃപ്തികരമാണെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. ഏഴുപേരെ വിദഗ്ധ ചികിത്സയ്ക്കായി സർക്കാർ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
രോഗികൾ അതിവേഗം സുഖം പ്രാപിയ്ക്കിന്നുണ്ട് എന്നതാണ് ആശ്വാസകാരമാായ കാര്യം
രോഗലക്ഷണങ്ങളുമായി ഞായറാഴ്ച വിജയവാഡയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച 45 കാരനാണ് വൈകിട്ടോടെ മരിച്ചത്. ആളുകൾ അപസ്‌മാരം, ഛർദി എന്നീ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് ബോധരഹിതരാവുകയാണ് ചെയ്യുന്നത്. രോഗകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മുൻകരുതലിന്റെ ഭാഗമായി വീടുകൾ തോറും സർവേ നടത്തിയിട്ടുണ്ട്. രോഗികളെ ചികിത്സിയ്ക്കാൻ പ്രത്യേക ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി സംസ്ഥാന ആരോഗ്യ കമ്മീഷ്ണർ കതമനേനി ഭാസ്കർ എല്ലൂരുവിലെത്തി.