വെബ്ദുനിയ ലേഖകൻ|
Last Modified തിങ്കള്‍, 7 ഡിസംബര്‍ 2020 (07:53 IST)
അതിർത്തിയിൽ ഇന്ത്യയ്ക്കെതിരായ നീക്കങ്ങൾ തുടർന്ന് ചൈന. ഇന്ത്യൻ അതിർത്തിയോട് തൊട്ടുചേർന്ന് പടിഞ്ഞാറൻ അരുണാചൽ പ്രദേശിന് സാമീപത്തായി ചൈന മൂന്ന് ഗ്രാമങ്ങൾ നിർമ്മിച്ചതായാണ് റിപ്പോർട്ടുകൾ. കൃത്യമായ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി ഒരുക്കിയെടുത്ത ഗ്രാമങ്ങളാണ് മുന്നും. ഈ ഇടങ്ങളിലേയ്ക്ക് താമസക്കാരെ എത്തിച്ചതായും ദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു. ഇന്ത്യ-ചൈന-ഭൂട്ടാൻ അതിർത്തികളോട് ചേർന്നുള്ള ബൂം ലാ പാസിൽനിന്നും ഏകദേശം അഞ്ച് കിലോമീറ്റാർ മാത്രം അകലെയാണ് പുതിയ ഗ്രാമങ്ങൾ.
ഇന്ത്യയുമായി അതിർത്തി തർക്കങ്ങൾ നിലനിൽക്കുന്ന മേഖലകളിൽ കൂടുതൽ ആധിപത്യം ലഭിയ്ക്കുന്നതിനുള്ള ചൈനീസ് നീക്കത്തിന്റെ ഭാഗമായാണ് ചൈന ഗ്രാമങ്ങൾ ഒരുക്കിയിരിയ്ക്കുന്നത് എന്നാണ് വിലയിരുത്തൽ. 2020 ഫെബ്രുവരി മുതൽ നവംബർ വരെയുള്ള മാസങ്ങളിലാണ് മൂന്ന് ഗ്രാമങ്ങളും ചൈന നിർമ്മിച്ചത് എന്നാണ് സൂചന, കിഴക്കൻ ലഡാക്കിൽ ഇന്ത്യ-ചൈന സംഘർഷം ഉണ്ടായ സമയത്ത് ചൈന ഗ്രാമങ്ങളുടെ നിർമ്മാണം അതിവേഗം മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു എന്ന് ഇതോടെ വ്യക്തമായി. ഒരു ഗ്രാമത്തിൽ 50 ഓളം കെട്ടിടങ്ങൾ ഉണ്ട്, മറ്റു രണ്ട് ഗ്രാമങ്ങളിളിലുമായി മുപ്പതോളം കെട്ടിടങ്ങൾ ഉണ്ടെന്നും ഉപഗ്രഹ ചിത്രങ്ങളിന്നിന്നും വ്യക്തമാണ്. ഇവിടങ്ങളിലേയ്ക്കെല്ലാം ടാർ ചെയ്ത പാതകളും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്