ന്യൂഡല്‍ഹി|
VISHNU.NL|
Last Modified വ്യാഴം, 19 ഫെബ്രുവരി 2015 (16:51 IST)
ഡല്‍ഹിയിലെ കനത്ത പരാജയത്തിനു പിന്നാലെ മോഡി- അമിത്ഷാ സഖ്യത്തിനെതിരെ ബിജെപിയില്‍ പടയൊരുക്കം തുടങ്ങിയതായി സൂചന. മോഡിയുടെയും അമിത്ഷായുടെയും നടപടികളില്‍ അതൃപ്തി പ്രകടിപ്പിച്ച് പാര്‍ട്ടിയുടെ ഐടി സെല്‍ തലവന്‍ രാജിവച്ചതാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. ഐ ടി സെല്ലിന്റെ സ്ഥാപകനായ പ്രദ്യുത് ബോറയാണ് രാജിവെച്ചത്. ബി ജെ പിയുടെ ദേശീയ കൗണ്‍സില്‍ അംഗമായിരുന്ന ഇദ്ദേഹമായിരുന്നു ലോക്സഭാ ഇലക്ഷനില്‍ ബിജെപിയുടെ സൈബര്‍ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ആസാമില്‍നിന്നുള്ള യുവ നേതാവായിരുന്നു പ്രദ്യുത് ബോറ.
ജനധിപത്യ മൂല്യങ്ങള്‍ കാറ്റില്‍ പറത്തിയ പാര്‍ട്ടിയാണിതെന്നും ആദര്‍ശങ്ങള്‍ പണയപ്പെടുത്തി ജയിക്കാന്‍ വേണ്ടി എന്തും ചെയ്യുന്ന പാര്‍ട്ടിയാണ് ഇന്ന് ബിജെപിയെന്നും ബൊറ പറയുന്നു. ഇപ്പോഴത്തെ രീതിയില്‍ ബി ജെ പിയില്‍ തനിക്കുള്ള വിശ്വാസം നഷ്ടപ്പെട്ടതായി പറഞ്ഞ ബോറ മാറ്റത്തിന്റെ മറ്റൊരു രാഷ്ട്രീയമാണ് ഇന്ന് ഇന്ത്യയ്ക്ക് വേണ്ടത് എന്നും ആ മാറ്റത്തിനായി ബി ജെ പിക്ക് ശ്രമിക്കാം. അല്ലെങ്കില്‍ ആളുകള്‍ വേറെ വഴി നോക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2004 ല്‍ ഞാന്‍ ചേര്‍ന്ന പാര്‍ട്ടി ഇങ്ങനെയായിരുന്നില്ല എന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് നല്‍കിയ രാജിക്കത്തില്‍ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും പ്രസിഡന്റ് അമിത് ഷായുടെയും നിലപാടുകളെ നിശിതമായി ചോദ്യം ചെയ്തുകൊണ്ടാണ് ബോറ രാജിവെക്കുന്നത്. രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതി നരേന്ദ്ര മോഡി താറുമാറാക്കിയെന്നും അമിത്ഷായുടേത് ഏകാധിപത്യ നടപടികളാണെന്നും 40 കാരനായ ബോറ കുറ്റപ്പെടുത്തുന്നു. ബിജെപിയുടെ പ്രാഥമികാംഗത്വവും ബോറ രാജിവച്ചിട്ടുണ്ട്. കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ആസം ഗണ പരിഷത് തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നും തനിക്ക് ക്ഷണം വന്നിട്ടുണ്ടെന്നും എന്നാല്‍ വേറെ പാര്‍ട്ടിയില്‍ ചേരുന്ന കാര്യം പരിഗണനയിലില്ല എന്നും ബോറ വ്യക്തമാക്കി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.