രേണുക വേണു|
Last Modified ബുധന്‍, 11 ഓഗസ്റ്റ് 2021 (12:33 IST)
വിവാഹിതയായ ഒരു സ്ത്രീക്ക് പ്രേമലേഖനം നല്‍കുന്നത് അവരെ അപമാനിക്കുന്നതിനു തുല്യമായ പ്രവൃത്തിയെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പ്പൂര്‍ ബെഞ്ച്. 2011 ല്‍ അകോളയില്‍ നടന്ന ഒരു സംഭവത്തില്‍ എടുത്ത കേസ് പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം. സ്ത്രീകളുടെ മാന്യത എന്നത് വളരെ വിലപ്പെട്ടതാണ് അതിനെതിരായ കടന്നുകയറ്റം എന്നതിന്റെ മാനദണ്ഡങ്ങള്‍ ഇപ്പോഴും ഇല്ലെന്ന് കോടതി പറയുന്നു.
പത്ത് വര്‍ഷം മുന്‍പ് 45 വയസുകാരിയായ സ്ത്രീക്ക് അകോളയിലെ കടയുടമയായ ശ്രീകൃഷ്ണ തിവാരി പ്രേമലേഖനം നല്‍കുകയും ശല്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തത് കേസായിരുന്നു. ഈ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിചിത്ര നിരീക്ഷണം. 2018 ല്‍ ഈ കേസില്‍ ശ്രീകൃഷ്ണ തിവാരിക്ക് സെഷന്‍സ് കോടതി രണ്ട് വര്‍ഷം കഠിന തടവും, പരാതിക്കാരിക്ക് നഷ്ടപരിഹാരം നല്‍കാനും വിധിച്ചു. ഇതിനെതിരെ തിവാരി അപ്പീലുമായി മേല്‍ക്കോടതിയെ സമീപിച്ചു.
ആരോപണങ്ങളെ തിവാരി നിഷേധിക്കുകയായിരുന്നു. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയതിന്റെ പണം ആവശ്യപ്പെട്ടപ്പോള്‍ കള്ളക്കേസ് ഉണ്ടാക്കിയെന്നാണ് തിവാരി മേല്‍ക്കോടതിയില്‍ പറഞ്ഞത്. എന്നാല്‍, ഇതിന് ആവശ്യമായ തെളിവില്ലെന്ന് പറഞ്ഞാണ് കോടതിയുടെ വിചിത്ര പരാമര്‍ശം. തിവാരിയുടെ ഹര്‍ജി കോടതി തള്ളി.