പാട്ന|
vishnu|
Last Modified ശനി, 7 ഫെബ്രുവരി 2015 (17:09 IST)
നിയമസഭ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്ത ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയെ ജനതാദള്‍ യുണൈറ്റഡ് പുറത്താക്കി.
പാര്‍ട്ടിയുടെ നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനമുണ്ടായത്. ജെഡിയുവിന്റെ നിയമസഭാ കക്ഷി നേതാവായി നിതിഷ് കുമാറിനെ തെരഞ്ഞെടുത്തു. അവകാശപൊപെട്ടിരുന്ന പോലെ എംഎല്‍എ മാരുടെ പിന്തുണ മാഞ്ചിക്കില്ലെന്ന് വ്യ്ക്തമായതിനു പിന്നാലെയാണ്ം പുറത്താക്കാന്‍ ജെഡിയു തീരുമാനിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് വിശ്വസ്ഥനായ
ജിതന്‍ റാം മാഞ്ചിയെ മുഖ്യമന്ത്രിയാക്കിയത്. എന്നാല്‍ മാഞ്ചി പിന്നീട് ഭരണത്തിലും പാര്‍ട്ടിയിലും പിടിമുറുക്കിയതോടെയാണ് മാഞ്ചിക്കെതിരെ പാര്‍ട്ടിയില്‍ നീക്കമുണ്ടായത്. ഇതോടെയാണ് നിയമസഭ പിരിച്ചുവിടാന്‍ മാഞ്ചി തീരുമാനിച്ചത്. മന്ത്രിസഭയിലെ ഭൂരിപക്ഷം അംഗങ്ങളുടെ എതിര്‍പ്പിനെ മറികടന്നാണ് മാഞ്ചി ഗവര്‍ണ്ണറോട് നിയമസഭ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്തത്. മന്ത്രിസഭയിലെ 28 എംഎല്‍എമാരില്‍ 21പേരും മാഞ്ചിയെ എതിര്‍ത്തിരുന്നു. എന്നാല്‍ മന്ത്രിസഭയുടെ അഭിപ്രായം തള്ളിക്കളയുന്നതായി മാഞ്ചി അറിയിച്ചു.
തന്നെ എന്തിനാണ് സ്ഥാനത്തു നിന്ന് മാറ്റുന്നതെന്ന് മാഞ്ചി ചോദിച്ചിരുന്നു. സ്ഥാനമൊഴിഞ്ഞതിനു ശേഷം വീണ്ടും മുഖ്യമന്ത്രിയാകാന്‍ നിതീഷ്കുമാര്‍ ശ്രമിക്കുന്നത് ശരിയായ നടപടിയല്ല എന്നാണ് മാഞ്ചി പറഞ്ഞിരുന്നത്. ദിവസങ്ങളായി നിതീഷിനെ നേതാവാക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ ശരദ് യാദവ് എംഎല്‍എമാരുമായി ചര്‍ച്ച നടത്തിവരവേയാണ് മാഞ്ചി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ബിഹാര്‍ മുഖ്യമന്ത്രി ജീതന്‍ റാം മാഞ്ചി ജെഡിയു നേതാവ് നിതീഷ് കുമാറിനെ വസതിയിലെത്തി കണ്ടിരുന്നു. പ്രശ്ന പരിഹാരം ആയി എന്ന വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് മാഞ്ചി ഗവര്‍ണറോട് നിയമസഭ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
അതിനിടെ ഗവര്‍ണറിന്റെ നിലപാട് നിര്‍ണ്ണായകമാകും. ബംഗാള്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠിക്കാണ് ബീഹാറിന്റെ ചുമതലയുമുള്ളത്.
അതേസമയം ഗവര്‍ണര്‍ ബിജെപി അനുകൂലിയായതിനാല്‍ മുഖ്യമന്ത്രിയുടെ ശുപാര്‍ശ അംഗീകരിച്ചേക്കുമെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കിയിരികുന്ന സൂചന. മാഞ്ചിയുടെ ശുപാര്‍ശ ഗവര്‍ണ്ണര്‍ക്ക് അയച്ചിട്ടുണ്ട്. ഇതിന്മേലുള്ള റിപ്പോര്‍ട്ട് ഗവര്‍ണ്ണര്‍ കേന്ദ്രസര്‍ക്കാരിന് ഉടന്‍ നല്‍കും.