പട്ന|
vishnu|
Last Modified ശനി, 7 ഫെബ്രുവരി 2015 (12:59 IST)
ബീഹാര്‍ രാഷ്ട്രീയം വീണ്ടും പ്രതിസന്ധിയിലേക്ക്. ഭരണ കക്ഷിയായ ജനതാദള്‍ യുണൈറ്റഡിലെ ആഭ്യന്തര സംഘര്‍ഷം തെരുവിലേക്ക് എത്തിയതൊടെ പാര്‍ട്ടി പിളര്‍പ്പിന്റെ വക്കിലെന്ന് സൂചന. ഇതേതുടര്‍ന്ന് മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി നിയമസഭ പിരിച്ചുവിടാന്‍ ഗവര്‍ണറിനോട് അഭ്യര്‍ഥിക്കുമെന്നാണ് സൂചന. മുന്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വീണ്ടും മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിനെതിരെയാണ് നടപടി.
പാര്‍ട്ടീയില്‍ മാഞ്ചി അനുകൂലുകളും നിതീഷ് അനുകൂലികളും തമ്മില്‍ കഴിഞ്ഞ ദിവസം പാര്‍ട്ടിഓഫീസിനു മുന്നില്‍ കൂട്ടത്തല്ല് നടത്തിയത് വാര്‍ത്തയായിരുന്നു. അതേസമയം, നിതീഷ് കുമാറിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കാന്‍ നാലുമണിക്ക് എംഎല്‍എമാര്‍ യോഗം ചേരും. നിതീഷിനെ പിന്തുണച്ച് ആര്‍ജെഡിയും കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. അതിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഭാവിതീരുമാനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മാഞ്ചി രണ്ടുമണിക്ക് മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്.
മന്ത്രിസഭയില്‍ തനിക്കുള്ള പിന്തുണ അറിയുന്നതിനാണ് മാഞ്ചിയുടെ ശ്രമം. എംഎല്‍എമാരില്‍ മുപ്പതോളംപേര്‍ കൂടെയുണ്ടെന്നാണ് മാഞ്ചി പക്ഷം പറയുന്നത്. നിതീഷ് കുമാറിന് മറ്റു മന്ത്രിമാരുടെ പിന്തുണയുള്ളതായി മറുപക്ഷം അവകാശപ്പെടുന്നു. അതിനിടെ നിതീഷിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കാന്‍ യോഗം വിളിക്കാനുള്ള നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നലെ മുന്‍മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ അനുകൂലികളായ ലല്ലന്‍ സിങ്, പി.കെ.ഷാഹി എന്നീ മന്ത്രിമാരെ പുറത്താക്കാന്‍ മുഖ്യമന്ത്രി ഗവര്‍ണറോടു ശുപാര്‍ശ ചെയ്തു.
ഇതോടെ പ്രശ്നം കൂടുതല്‍ രൂക്ഷമാകുകയായിരുന്നു. ഇതിനു പിന്നാലെയായിരുന്നു ഇരുവിഭാഗത്തിലെയും അനുയായികള്‍ പട്നയിലെ പാര്‍ട്ടീ ഓഫീസിനു മുന്നില്‍ ഏറ്റുമുട്ടിയത്. ശരദ് യാദവും നിതീഷ് കുമാറും ദിവസങ്ങളായി പാര്‍ട്ടി നേതാക്കളും എംഎല്‍എമാരുമായി ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. ഇതിന് ആര്‍ജെഡിയുടെ നേതാവ് ലാലുപ്രസാദ് യാദവിന്റെ പിന്തുണയുമുണ്ട്.ബിജെപിയെ തറപറ്റിക്കാന്‍ നിതീഷ് വീണ്ടും മുഖ്യമന്ത്രിയാവണമെന്നാണ് സമാജ്‌വാദി പാര്‍ട്ടിയുടെ നിലപാട്. മാഞ്ചിയുടെ ബിജെപിയോടുള്ള അനുകൂല സമീപനമാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
ഈ മാസം 15നു പട്നയില്‍ നടത്താന്‍ പോകുന്ന വാമ്പന്‍ റാലിക്കുമുമ്പ് നിതീഷിനെ മുഖ്യമന്ത്രിയാക്കാനാണ് ജെഡിയു നീക്കം. ആകെ 243 അംഗങ്ങളുള്ള നിയമസഭയില്‍ ജെഡിയുവിനു 111 അംഗങ്ങളാണുള്ളത്. ബിജെപി - 87, ആര്‍ജെഡി - 24, കോണ്‍ഗ്രസ് - അഞ്ച്, സിപിഐ - ഒന്ന്, സ്വതന്ത്രര്‍ - അഞ്ച് എന്നിങ്ങനെയാണു കക്ഷിനില. ഭരണം ലഭിക്കണമെങ്കില്‍ 117 പേരുടെ പിന്തുണ വേണം. ഇത്തവണ ബീഹാര്‍ പിടിക്കാനാണ് ബിജെപിയുടെ നീക്കം.