'നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ചോർത്താം'; ഇസ്രയേലിന്റെ 'ചാര സോഫ്റ്റ് വെയർ' ഇന്ത്യയിലേക്ക് !
ഇസ്രയേലിന്റെ 'ചാര സോഫ്റ്റ് വെയർ' പണം മുടക്കി സ്വന്തമാക്കാൻ ഇന്ത്യ. ഫോണുകളിലെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കാനും പാസ്‌കോഡുകൾ മറികടന്ന് അൺലോക്ക് ചെയ്യാനും ഇസ്രയേൽ കമ്പനിയായ 'സെലിബ്രൈറ്റി'ന്റെ സാങ്കേതിക വിദ്യ വാങ്ങാൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു.
മൂന്ന് വർഷത്തെ ലൈസൻസോടെയുള്ള സെലിബ്രൈറ്റിന്റെ പ്രീമിയം ടൂളിന് 4.98 കോടി രൂപയാണ് ചെലവ്. ഫോണിലെ വിവരങ്ങൾ, വീണ്ടെടുക്കുക, ഡാറ്റ ഡിക്രിപ്റ്റ് ചെയ്യുക തുടങ്ങിയവ ഈ സോഫ്റ്റ് വെയറിന്റെ പ്രത്യേകതയാണ്. ഇന്ത്യൻ കമ്പനികൾക്ക് മുൻഗണന നൽകണമെന്ന 'മെയ്ക്ക് ഇൻ ഇന്ത്യ' പൊതു സംഭരണ നിബന്ധനകളിൽ പ്രത്യേക ഇളവ് അനുവദിച്ചാണിത്.
ആൻഡ്രോയ്ഡ് ഫോണുകളിലെയും ഐ ഫോണുകളിലെയും ഫയൽ ശേഖരിക്കാൻ ഈ സോഫ്റ്റ് വെയറിന് സാധിക്കും. സ്വകാര്യതയെ വെല്ലുവിളിച്ചുകൊണ്ട് വിവരങ്ങൾ ശേഖരിക്കാനുള്ള പ്രാപ്തിയുമുണ്ട്. നിർണായക ഫോറൻസിക് സാങ്കേതികവിദ്യക്ക് വേണ്ടി വിദേശ കമ്പനിയെ ഇന്ത്യ ആശ്രയിക്കുന്നത് സ്വകാര്യതയുടെ ലംഘനവും രാജ്യസുരക്ഷയ്ക്ക് ഭീഷണിയുമാണ്. 2026 ൽ നിരവധി കേന്ദ്ര, സംസ്ഥാന ഏജൻസികൾ സെലിബ്രൈറ്റ് ഉൽപ്പന്നങ്ങൾക്ക് ടെൻഡർ നൽകിയിരുന്നതായും റിപ്പോർട്ടുണ്ട്.
നിരവധി രാജ്യങ്ങളിൽ സെലിബ്രൈറ്റ് ഉപയോഗിച്ച് മാധ്യമപ്രവർത്തകരുടെയും സാമൂഹ്യപ്രവർത്തകരുടെയും ഫോൺ രേക ശേഖരിച്ചതായി വാർത്തയുണ്ടായിരുന്നു. ഫോണുകളിലെ വിവരങ്ങൾ ഡിക്രിപ്റ്റ് ചെയ്യാൻ സർക്കാരിന് അധികാരം നൽകുന്ന ഐടി നിയമത്തിലെ 69-ാം വകുപ്പിന്റെ നിയമസാധുത ചോദ്യംചെയ്തുള്ള ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. Also Read: ശ്രേയസിന് കീഴിൽ കളിക്കണം; ഒടുവിൽ പിടിവാശി വിട്ട് ഹാർദിക്, അർഷ്ദീപ് മുംബൈയിൽ
