1961 മെയ് 14ന് മാതൃഭൂമിയില്‍ മാധവിക്കുട്ടിയുടെ കുറച്ചുമണ്ണ് എന്ന ചെറുകഥയ്ക്കാണ് എ.എസ്.ആദ്യമായി ചിത്രം വരച്ചത്. ഒ.വി.വിജയന്റെ ഖസാക്കിന്‍റെ ഇതിഹാസത്തിന് വേണ്ടി എ.എസ്. വരച്ച ചിത്രങ്ങളാണ് ആദ്യകാലത്ത് ഏറ്റവും ശ്രദ്ധേയമായത്. അതിലെ അപ്പുക്കിളിയും അള്ളാപ്പിച്ച മൊല്ലാക്കയും പാലക്കാടിന്‍റെ ഗ്രാമീണ ഭംഗിയും എല്ലാം വരകളിലൂടെ എ.എസ്.അനശ്വരമാക്കി.
ഒ വി വിജയന്റെ ഖസാക്കിന്‍റെ ഇതിഹാസം, ഗുരുസാഗരം, പി പദ്‌മരാജന്‍റെ പെരുവഴിയമ്പലം, സി വി ബാലകൃഷ്ണന്‍റെ ആയുസ്സിന്‍റെ പുസ്തകം, ലളിതാംബിക അന്തര്‍ജ്ജനത്തിന്‍റെ അഗ്നി സാക്ഷി, എം മുകുന്ദന്‍റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ ,ആശാപൂര്‍ണ്ണാദേവിയുടെ പ്രഥമ പ്രതിശ്രുതി,വി എസ് ഖണ്ഡേക്കറുടെ യയാതി,പി വത്സലയുടെ കൂമന്‍ കൊല്ലി, പി ആര്‍ ശ്യാമളയുടെ മണല്‍, മാടമ്പ് കുഞ്ഞുക്കുട്ടന്റെ ഭ്രഷ്ട് തുടങ്ങി ഒട്ടേറെ നോവലുകള്‍ക്ക് ആഴ്ചപ്പതിപ്പില്‍ രേഖാ ചിത്രങ്ങള്‍ വരച്ചത് ഏ എസ് ആയിരുന്നു.
പി.ആര്‍.ശ്യാമളയുടെ മണല്‍ എന്ന നോവലിന് എ.എസ് അര്‍ദ്ധ മൂര്‍ത്ത രൂപങ്ങളാണ് വരച്ചത്. ഒറിയ, കന്നഡ തുടങ്ങിയ ഭാഷകളിലെ കഥകള്‍ക്കും നോവലുകള്‍ക്കും ചിത്രം വരയ്ക്കുമ്പോള്‍ എ.എസിന്‍റെ രചന അവിടത്തെ പ്രകൃതിയെ ആവാഹിച്ചുവരുത്തുന്നതായി കാണാം.