സി.പി.എം സംസ്ഥാന സമിതിയോഗം ശനി, ഞായര്‍ ദിവസങ്ങളിലായി ഏ.കെ.ജി സെന്‍ററില്‍ നടക്കും. കേന്ദ്രകമ്മിറ്റി യോഗങ്ങളുടെ റിപ്പോര്‍ട്ടിംഗിനായി ചേരുന്ന യോഗത്തില്‍ ദേശാഭിമാനി വിവാദം ചൂടേറിയ ചര്‍ച്ചയാകും.
പിണറായി വിജയനും വി.എസ്. അച്യുതാനന്ദനും എതിരായ പി.ബി നടപടി അംഗീകരിച്ച കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയുടെ തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് സംസ്ഥന സമിതി യോഗം വിളിച്ചിട്ടുള്ളത്. പാര്‍ട്ടിക്കെതിരെ സമീപകാലത്തുണ്ടായ പ്രധാന ആരോപണമെന്ന നിലയില്‍ ദേശാഭിമാനി കോഴവിവാദം പ്രധാന ചര്‍ച്ചയാകും.
ദേശാഭിമാനി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ. വേണുഗോപാല്‍ ലിസില്‍ നിന്നും പണം വാങ്ങിയതും ലോട്ടറി രാജാവില്‍ നിന്നും ബോണ്ടിടപാടില്‍ രണ്ട് കോടി കൈപ്പറ്റിയതും ദേശാഭിമാനിയെയും സി.പി.എമ്മിനെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നു.
തെളിവ് സഹിതമുള്ള ആരോപണങ്ങള്‍ നിഷേധിച്ചതിനെത്തുടര്‍ന്ന് വേണുഗോപാലിനെ പുറത്താക്കിയതും ബോണ്ടിടപാടിലെ പണം തിരിച്ചു കൊടുക്കേണ്ടതാണെന്നും പറഞ്ഞ് രക്ഷപെടാന്‍ ശ്രമിക്കുകയാണ് പാര്‍ട്ടി. പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഔദ്യോഗിക വിഭാഗം നേതാക്കളാണ് ഇതിന് പിന്നിലെന്ന ആരോപണം വ്യാപകമാണ്.
പ്രതിപക്ഷം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി ഇതുവരെ ഇതിന് മറുപടി പറഞ്ഞിട്ടില്ല. 18-)ം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച നയരേഖയില്‍ പറയുന്ന എല്ലാ കാര്യങ്ങളും മറികടന്നാണ് ദേശാഭിമാനി ബോണ്ടിടപാടെന്ന് വി.എസ്. പക്ഷം ആരോപിക്കുന്നു.
ഇതിനെതിരെ ഇവര്‍ യോഗത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കും. ഔദ്യോഗിക വിഭാഗത്ത് ഒതുക്കാനുള്ള ആയുധമായി വി.എസ് പക്ഷം ഇതിനെ ഉപയോഗിക്കും.