ഫ്രഞ്ച് ദാര്‍ശനികനും, എഴുത്തുകാരനുമായ ഷാന്‍ഷാക് റൂസ്സോയുടെ ചരമ ദിനമാണ് ജൂലായ് രണ്ട്.
അദ്ദേഹം മരിച്ചിട്ട് 2008ല്‍ 230വര്‍ഷം തികയുന്നു. വിദ്യാഭ്യാസ വീക്ഷണങ്ങളും സാമൂഹ്യ തിന്മകള്‍ക്കെതിരെയുള്ള ദാര്‍ശനിക വിപ്ളവവും റൂസോയെ മറ്റു ചിന്തകരില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നു.
1712 ജൂണ്‍ 28 ന് സ്വിറ്റ്സര്‍ലണ്ടിലെ ജനീവയിലാണ് ഷാന്‍ഷാക് റൂസോ ജനിച്ചത്. റൂസോ ജനിച്ച് കുറെ നാള്‍ കൂടിയേ റൂസോയുടെ അമ്മ ജീവിച്ചിരുന്നുള്ളൂ.
റൂസോയുടെ അച്ഛന്‍ ഏതോ ചെറിയ പൊലീസ് കേസില്‍പ്പെട്ട് ശിക്ഷിക്കപ്പെട്ടു. അപ്പോള്‍ 10 വയസ് മാത്രമുണ്ടായിരുന്ന റൂസോ കൊത്തുപണി പോലുള്ള ജോലികളില്‍ ഏര്‍പ്പെട്ടു.
പതിനാറാമത്തെ വയസില്‍ ജനീവയില്‍ നിന്നും ഓടിപ്പോയ റൂസോ, ഒടുവില്‍ പാരീസിലാണ് യാത്ര അവസാനിപ്പിച്ചത്. ഇതിനിടയില്‍ പല പല ജോലികള്‍ ചെയ്തു. ഒടുവില്‍ സംഗീതാധ്യാപകനായി നിയമിതനായ റൂസോ വിജ്ഞാന കോശങ്ങള്‍ക്കു വേണ്ടി എഴുത്തിത്തുടങ്ങി.