ഏകാന്തതയുടെയും മരണത്തിന്റെയും കാമത്തിന്റെയും കവിയാണ് നെഫ്തലി റിക്കാര്‍ഡോ റെയ്സ് ബസ്വാല്‍ത്തോ എന്ന പാബ്ളോ നെരൂദ. വിശ്വമഹാകവികളിലൊരാളായ നെരൂദയുടെ ജന്മശതാബ്ദി 2004 ല്‍ കഴിഞ്ഞു .ജൂലൈ 12 നാണ് നെരൂദയുടെ ജ-ന്മദിനം .
ചിലിയിലെ പാരല്‍ നഗരത്തില്‍ 1904 ജൂലൈ 12 നാണ് നെരൂദ ജനിച്ചത്. അച്ഛന് റെയില്‍വേ ജീവനക്കാരനായിരുന്നു. അമ്മ അധ്യാപികയും. നെരൂദയ്ക്ക് ജന്മം നല്കി അധികം താമസിയാതെ അമ്മ മരിച്ചു.
കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം നെരൂദ അച്ഛനോടൊപ്പം തെമുക്കോ നഗരത്തിലേക്ക് താമസം മാറി. അച്ഛന് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. തെമുക്കോയിലായിരുന്നു നെരൂദയുടെ ബാല്യവും കൗമാരവും. പതിമൂന്നാം വയസില്‍ തന്നെ നെരൂദയുടെ ആദ്യ കവിത വെളിച്ചം കണ്ടു.
1920 ലാണ് പാബ്ളോ നെരൂദ എന്ന പേര് വിശ്വമഹാകവി സ്വീകരിക്കുന്നത്. ചെക്കോസ്ളോവാക്യന്‍ കവിയായ ജാന്‍ നെരൂദയോടുള്ള കടുത്ത ആരാധനയാണ് ഇതിന് നെഫ്താലിയെ പ്രേരിപ്പിച്ചത്.
നയതന്ത്രജ്ഞന്
ചിലിയുടെ നയതന്ത്രജ്ഞസ്ഥാനവുമായി നെരൂദയെ ഏതാണ്ട് 25-ാം വയസ്സില്‍ തന്നെ ചിലി സര്‍ക്കാര്‍ ഇന്ത്യയടക്കമുള്ള വിദേശരാജ്യങ്ങളിലേക്ക് അയച്ചു. ഈ രാജ്യങ്ങളിലെ ജീവിതം, സംസ്കാരം, ചരിത്രം, രാഷ്ട്രീയ ചരിത്രം എന്നിവ നല്കിയ അറിവും ഉള്‍ക്കാഴ്ചയും നെരൂദയിലെ സദ്ഭാവനകളെ പ്രചോദിപ്പിച്ചു; ആദര്‍ശപരമായ പ്രതിജ്ഞാബദ്ധതയെ പ്രതിഷ്ഠിച്ചു.
1943 ല്‍ സെനറ്ററായ നെരൂദ തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. പ്രസിഡന്റ് ഗോണ്‍സാലസ് വിദേലാസിനെതിരായ പ്രക്ഷോഭത്തില്‍ അദ്ദേഹം പങ്കാളിയായിരുന്നു. ഇതിന്റെ പേരില്‍ നെരൂദയ്ക്ക് ഒളിവില്‍ കഴിയേണ്ടിവന്നു.
വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ അലഞ്ഞ നെരൂദ 1952 ലാണ് ചിലിയില്‍ തിരിച്ചെത്തിയത്.