‘കക്കൂസ് സാഹിത്യ’മല്ല, നേരിന്‍റെ ചുവരെഴുത്ത്!

അരുണ്‍ വാസന്തി

WEBDUNIA|
“ചുവരിലും മറ്റും എഴുതാനുളള മനുഷ്യന്റെ വാസനയാണ് ബ്ലോഗ്, ഫേസ്‌ബുക്ക് എന്നിവയുടെ രചനകളിലൂടെ പ്രകടമാകുന്നത്. ഒരു തരത്തിലുള്ള ടോയ്‌ലെറ്റ് സാഹിത്യം എന്നതിനെ വിളിക്കാം” - ഇന്ദുമേനോന്‍.

പ്രസ്ഥാനങ്ങളും പ്രത്യയശാസ്‌ത്രങ്ങളും പരാജയപ്പെട്ടിടത്ത് ചില ചുവരെഴുത്തുകള്‍ വിപ്ലവങ്ങള്‍ സൃഷ്‌ടിച്ച കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഞങ്ങള്‍ വന്നപ്പോഴേക്കും എല്ലാ വിപ്ലവങ്ങളും അവസാനിച്ചു പോയി എന്ന കവി വാക്യത്തിന് മറുപടിയായി ഒരു വിപ്ലവത്തിനുള്ള തിര ഞങ്ങള്‍ സൂക്ഷിച്ചിരുന്നു എന്ന് പറയുകയാണ് സമീപകാല ചരിത്രം.

ഫേസ്‌ബുക്ക് സൃഷ്ടിച്ച മുല്ലപ്പൂ വസന്തങ്ങള്‍ വാടിയിട്ടില്ല. അവ കൂടുതല്‍ കൂടുതല്‍ വിടരാനിരിക്കുന്നതേയുള്ളു. ആ കാലത്തില്‍ നിന്നാണ് ഫേസ്‌ബുക്ക് ടോയ്‌ലെറ്റാണെന്ന് ഇന്ദു പറയുന്നത്. അമാനവീകരണത്തിന്റെ എത്ര സിദ്ധാന്തങ്ങള്‍ നിരത്തിയാലും അവയെല്ലാം ഹൈപ്പോതീസീസുകളാക്കി സമീപകാല സംഭവങ്ങള്‍ മാറ്റിയിരിക്കുന്നു. ചുവരിലെ വരകളില്‍ നിന്നും ഡാവിഞ്ചിമാര്‍ ഉണ്ടായിട്ടുണ്ട്. ലെസ്‌ബിയനില്‍ തുടങ്ങി ചുംബന ശബ്‌ദതാരാവലിയിലൂടെ നീണ്ടു പോകുന്ന പു‌സ്‌തകങ്ങള്‍ വായിച്ചവരേക്കാള്‍ കൂടുതല്‍ വായനക്കാര്‍ മലയാളത്തിലെ ബ്ലോഗുകള്‍ വായിക്കുന്നുണ്ട്, ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്.

അത് കൊണ്ട് അച്ചടിമഷി പുരണ്ടതേ സാഹിത്യമാവൂ എന്ന മൂഢധാരണകള്‍ക്ക് ഇനി സ്ഥാനമില്ല. സ്രഷ്‌ടാവും എഡിറ്ററും ചിത്രകാരനും ഒക്കെയായി ഇനിയും ബ്ലോഗുകള്‍ പിറക്കും. അവയെ കക്കൂസ് സാഹിത്യം എന്ന് വിളിക്കും മുമ്പ് സ്വന്തം സാഹിത്യത്തെ ഏത് ഗണത്തില്‍ പെടുത്തും എന്ന് ഒന്ന് മനസുറപ്പിച്ച് വിലയിരുത്തുന്നത് നന്നായിരിക്കും.

വാലറ്റം - കഴിഞ്ഞ കുറെക്കാലങ്ങളായി ബ്ലോഗ് രചനകള്‍ മാതൃഭൂമി പ്രസിദ്ധീകരിക്കുന്നു. ഇനി മാതൃഭൂമിയെ കക്കൂസ് വാരികയാക്കി അടുത്ത പ്രസ്‌താവനയുണ്ടാകുമോ എന്ന് കാത്തിരുന്ന് കാണാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :