മുണ്ടശേരി അന്ത്യകൂദാശ സ്വീകരിച്ചെന്നു മകനും

തൃശൂര്‍| WEBDUNIA|
PRO
PRO
അടിയുറച്ച കമ്യൂണിസ്റ്റ് വിശ്വാസിയും ഇ‌എം‌എസ് മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയുമായ പ്രൊഫസര്‍ ജോസഫ് മുണ്ടശേരി മരിക്കുന്നതിന് മുമ്പ് ക്രിസ്ത്യന്‍ വിധിപ്രകാരമുള്ള അന്ത്യകൂദാശകളെല്ലാം കൈക്കൊണ്ടു എന്ന് വെളിപ്പെടുത്തല്‍ സത്യമാണെന്ന് മുണ്ടശേരിയുടെ മകന്‍. മുണ്ടശേരിയുടെ മകന്‍ ജോര്‍ജ്‌ മുണ്ടശേരി ഒരു പ്രമുഖ പത്രത്തോടാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഫാക്‌ടിലെ പ്രൊജക്‌ട് എന്‍ജിനീയറായി വിരമിച്ചു കളമശേരിയില്‍ വിശ്രമജീവിതം നയിക്കുകയാണു ജോര്‍ജ്.

“‌ ജോസഫ്‌ മുണ്ടശേരി തെറ്റിദ്ധരിക്കപ്പെട്ട കത്തോലിക്കനാണ്‌. ഒരിക്കലും കമ്യൂണിസ്‌റ്റുകാരനെന്ന നിലയില്‍ കൊട്ടിഘോഷിക്കപ്പെടാത്ത ആളാണ്‌ അദ്ദേഹം. അവസാനനാളുകളില്‍ അദ്ദേഹം ആത്മീയപാതയിലാണു സഞ്ചരിച്ചത്‌. അദ്ദേഹം കമ്യൂണിസ്‌റ്റ് പാര്‍ട്ടി അംഗമായിരുന്നില്ല.”- ജോര്‍ജ് പറയുന്നു.

“എ ആര്‍ മേനോനെയും വി ആര്‍ കൃഷ്‌ണയ്യരെയും പോലെ കമ്യൂണിസത്തിനു പുറത്താണു മുണ്ടശേരിയും പ്രവര്‍ത്തിച്ചത്‌. വിദ്യാഭ്യാസ ബില്‍ ഉയര്‍ത്തിയ വിവാദം അദ്ദേഹത്തെ സഭാവിരുദ്ധനായി ചിത്രീകരിക്കാന്‍ കാരണമായി.”

“കൊച്ചിന്‍ ടീച്ചേഴ്‌സ് അസോസിയേഷനില്‍ പ്രവര്‍ത്തിക്കുന്നതിനൊപ്പം പുരോഗമന കലാസാഹിത്യസംഘത്തില്‍ സജീവമായ കാലത്താണു മുണ്ടശേരി ഇ എം എസുമായി അടുത്തത്‌. ആ സൗഹൃദമാണ്‌ അദ്ദേഹത്തെ മന്ത്രിപദം വരെ എത്തിച്ചത്‌. വിദ്യാഭ്യാസ ബില്‍ അദ്ദേഹത്തിന്റെ ജീവിതലക്‌ഷ്യം ആയിരുന്നു.”

“മുണ്ടശേരി മരിച്ചപ്പോള്‍ തൃശൂരിലെ ലൂര്‍ദ്‌ പള്ളിയില്‍ ഉചിതമായ സംസ്‌കാരം നടത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. അന്ത്യകൂദാശയും മറ്റു ക്രിസ്‌തീയ കര്‍മങ്ങളും അനുഷ്‌ഠിച്ചശേഷമാണ്‌ അദ്ദേഹം വിടചൊല്ലിയത്” - ജോര്‍ജ്‌ മുണ്ടശേരി പറയുന്നു.

മുണ്ടശേരിയുടെ വീടിനു സമീപമുള്ള ലൂര്‍ദ്ദ് മാതാ കോണ്‍വെന്റിലെ സിസ്‌റ്റര്‍ മോണിക്ക, തൃശൂര്‍ രൂപതയുടെ പ്രസിദ്ധീകരണമായ 'കത്തോലിക്കാ സഭ'യില്‍ എഴുതിയ ലേഖനത്തിലാണ് മുണ്ടശേരി മാഷ് ദൈവവിശ്വാസത്തോടെയാണ് മരിച്ചത് എന്ന് പറയുന്നത്. മകനും ഇത് സ്ഥിരീകരിച്ചതോടെ വലിയ കോളിളക്കം ഉണ്ടാക്കിയ ഈ വിവാദത്തിന് തിരശ്ശീല വീഴുമെന്ന് കരുതാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :