കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മതവും വിശ്വാസവും പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. ഇക്കാര്യം ചര്‍ച്ചാവിഷയമാവാതിരിക്കാന്‍ പാര്‍ട്ടി എപ്പോഴും ശ്രദ്ധിക്കാറുമുണ്ട്. ഇന്ത്യയുടെ യുഎസ് അംബാസിഡര്‍ മീര ശങ്കര്‍ തന്റെ പ്രസംഗത്തില്‍ സോണിയയുടെ മതത്തെ കുറിച്ച് പറഞ്ഞത് സര്‍ക്കാര്‍ ഇടപെട്ട് രേഖകളില്‍ നിന്ന് നീക്കിയത് ഇപ്പോള്‍ വാര്‍ത്തയാവുന്നു.
ഫെബ്രുവരി 24 ന് യുഎസിലെ എമോറി സര്‍വകലാശാലയില്‍ “വൈ ഇന്ത്യ മാറ്റേഴ്സ്” എന്ന വിഷയത്തില്‍ നടത്തിയ പ്രസംഗത്തിലാണ് മീരാ ശങ്കര്‍ സോണിയ ഒരു ക്രിസ്ത്യാനി ആണെന്ന പരാമര്‍ശം നടത്തിയത്. ഇന്ത്യയുടെ നാനാത്വത്തിലെ ഏകത്വത്തെ കുറിച്ചുള്ള ഉദാഹരണങ്ങള്‍ നിരത്തുമ്പോഴാണ് സോണിയയുടെ മതവും പരാമര്‍ശ വിഷയമായത്. എന്നാല്‍, സോണിയയുടെ മതം സംബന്ധിച്ച പരാമര്‍ശം സര്‍ക്കാര്‍ ഇടപെട്ട് ഉടന്‍ തന്നെ രേഖകളില്‍ നിന്ന് നീക്കി.
വിദേശികള്‍ ഇന്ത്യയില്‍ വന്നതും രാജ്യത്ത് താമസിക്കാനിടയായതും വിവിധ സംസ്കാരങ്ങളും മതങ്ങളും സമൂഹത്തിന്റെ ഭാഗമാകാന്‍ കാരണമായി എന്ന് പറഞ്ഞ മീരാ ശങ്കര്‍ ഇപ്പോള്‍ ഇന്ത്യയ്ക്ക് ഒരു വനിതാ രാഷ്ട്രപതിയും സിഖുകാരനായ പ്രധാനമന്ത്രിയും മുസ്ലീം ഉപരാഷ്ട്രപതിയും ഉണ്ടെന്നും ഏറ്റവും വലിയ പാര്‍ട്ടിയുടെ തലപ്പത്ത് ഒരു ക്രിസ്ത്യാനിയാണെന്നും പ്രസംഗത്തില്‍ പറഞ്ഞു.
എന്നാല്‍, സോണിയയെ കുറിച്ചുള്ള പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.