അടിപേടിച്ചോടിയ എം‌ടി വാസുദേവന്‍ നായര്‍!

WEBDUNIA|
PRO
PRO
‘നടരാജ കൃഷ്ണമൂര്‍ത്തി’ എന്ന് പറഞ്ഞാല്‍ ആര്‍ക്കും ആളെ മനസിലാകില്ല. എന്നാല്‍ ‘സൂര്യ’ കൃഷ്ണമൂര്‍ത്തി എന്ന് പറഞ്ഞാലോ എല്ലാവര്‍ക്കും മനസിലാകും താനും. സൂര്യ സ്റ്റേജ് ആന്‍ഡ് ഫിലിം സൊസൈറ്റി ഇന്ത്യന്‍ കലയെയും സംസ്കാരത്തെയും ലോകത്തിന് പരിചയപ്പെടുത്തുന്ന സംഘടനയായ ‘സൂര്യാ സ്റ്റേജ് ആന്‍ഡ് ഫിലിം സൊസൈറ്റി’യുടെ സ്ഥാപകന്‍ എന്ന നിലയിലാണ് സൂര്യാ കൃഷ്ണമൂര്‍ത്തി പ്രശസ്തനാകുന്നത്. യാത്രകളെ സ്നേഹിക്കുന്ന, ഗണപതി വിഗ്രഹങ്ങള്‍ ‘കളക്‌ടുചെയ്യുന്നത്’ ഹോബിയാക്കിയ സൂര്യ കൃഷ്ണമൂര്‍ത്തിയുടെ ആത്മകഥാപരമായ കുറിപ്പുകളാണ് ഡിസി ബുക്ക്‌സ് പ്രസിദ്ധീകരിച്ച ‘മുറിവുകള്‍’ എന്ന പുസ്തകം.

പ്രശസ്ത സാഹിത്യകാരനായ എം‌ടി വാസുദേവന്‍ നായരുമൊന്നിച്ച് സൂര്യാ കൃഷ്ണമൂര്‍ത്തി നടത്തിയ യാത്രകളെ പറ്റിയുള്ള രസകരമായ ഒരു കുറിപ്പ് ഈ പുസ്തകത്തില്‍ ഉള്‍‌ക്കൊള്ളിച്ചിട്ടുണ്ട്. ഗൌരവസ്വഭാവക്കാരനായ എം‌ടി വാസുദേവന്‍ നായര്‍ ചെന്നുപെട്ട ഒരു അക്കിടിയെ പറ്റിയുള്ള കഥയാണത്. കഥ ഇങ്ങിനെയാണ് -

നഗ്നസന്യാസിമാര്‍ എന്നൊക്കെ കേട്ടിട്ടുണ്ട്. അവരെ ഒന്ന് കാണണമെന്ന് എം‌ടിക്ക് അതിയായ ആഗ്രഹം. അവസാനം തപ്പിപ്പിടിച്ച് ഒരു നഗ്നസന്യാസിയെ സൂര്യാ കൃഷ്ണമൂര്‍ത്തിയും എം‌ടിയും കൂടി കണ്ടെത്തി. എം‌ടിക്ക് നഗ്നസന്യാസിയുടെ ഫോട്ടോ എടുക്കണം. പക്ഷേ ചോദിക്കാന്‍ പേടി. സന്യാസിയല്ലേ, എന്തെങ്കിലും വഴക്ക് പറഞ്ഞാലോ.

അവസാനം സൂര്യാ കൃഷ്ണമൂര്‍ത്തി ഇടപെട്ടു. സൂര്യാ കൃഷ്ണമൂര്‍ത്തി തന്നെ സന്യാസിയോട് ഫോട്ടോയെടുക്കാനുള്ള അനുവാദം വാങ്ങിച്ചു. സന്യാസി ചിരിച്ചു. മൌനാനുവാദം തന്നത് പോലെയാണ് സൂര്യാ കൃഷ്ണമൂര്‍ത്തിയും എം‌ടിയും ആ ചിരിയെ വ്യാഖ്യാനിച്ചത്. എം‌ടി തലങ്ങും വിലങ്ങും സന്യാസിയെ ക്യാമറയില്‍ പകര്‍ത്താന്‍ തുടങ്ങി. ഒടുവില്‍ ദക്ഷിണ കൊടുക്കണമല്ലോ എന്നായി സൂര്യാ കൃഷ്ണമൂര്‍ത്തിയോട് എം‌ടി.

സന്യാസിമാര്‍ എല്ലാം ഉപേക്ഷിച്ചവരാണ്. നഗ്നസന്യാസിമാരാകട്ടെ വസ്ത്രം പോലും ഉപേക്ഷിച്ചവരും. അങ്ങിനെയുള്ള ഒരാള്‍ക്ക് ദക്ഷിണ കൊടുക്കുന്നത് പാപമാകുമോ? സന്യാസി ദ്വേഷ്യപ്പെടുമോ? എം‌ടിക്ക് മൊത്തത്തില്‍ സം‌ശയം. അവസാനം മടിച്ചുമടിച്ച് പോക്കറ്റില്‍ കൈയിട്ട് എം‌ടി ഒരു ഇരുപത്തിയഞ്ച് രൂപാ എടുത്ത് സന്യാസിയുടെ കാല്‍‌ക്കല്‍ വെച്ച് നമസ്കരിച്ചു.

പെട്ടെന്ന് സന്യാസി എം‌ടിയുടെ കയ്യില്‍ ഒറ്റ പിടുത്തം. നഗ്നസന്യാസി ദ്വേഷ്യം കൊണ്ട് വിറയ്ക്കുകയാണ്. എം‌ടിക്ക് താന്‍ ചെയ്ത കാര്യം തെറ്റായെന്ന് മനസിലായി. എം‌ടി കുതറുന്നുണ്ട്. നഗ്നസന്യാസി ആണെങ്കില്‍ കൈ വിടുന്നുമില്ല. അവസാനം സന്യാസി അലറി, ‘പച്ചാസ് രുപയാ ദോ’ (അമ്പത് രൂപ താ) എന്ന്.

വല്ല വിധേനെയും സന്യാസിയില്‍ നിന്ന് രക്ഷപ്പെട്ട് എം‌ടി ഒറ്റയോട്ടം വച്ചുകൊടുത്തു. ആദ്യമായാണ് എം‌ടി ഓടുന്ന കാഴ്ച താന്‍ കണ്ടതെന്ന് നര്‍മരസത്തോടെ സൂര്യാ കൃഷ്ണമൂര്‍ത്തി എഴുതുന്നു. സന്യാസിയുടെ കോപത്തിന് ഇരയാകുമെന്ന് കരുതി താനും എം‌ടിയുടെ പിന്നാലെ പാഞ്ഞു എന്നും കൃഷ്ണമൂര്‍ത്തി വെളിപ്പെടുത്തുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :