ജറുസലേമിലേക്ക് പോകാന്‍ ഗ്രാന്‍റ്; കാശിക്ക് ഇല്ല!

ചെന്നൈ| WEBDUNIA|
PRO
ജറുസലേമിലേക്ക് തീര്‍ത്ഥയാര്‍ത്ഥ നടത്തുന്ന ക്രിസ്ത്യാനികള്‍ക്കും ഹജ്ജിന് മെക്കയ്ക്ക് പോകുന്ന മുസ്ലീങ്ങള്‍ക്കും ധനസഹായം നല്‍‌കുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് കാശിക്കോ രാമേശ്വരത്തേക്കോ തിരുപ്പതിയിലേക്കോ പോകുന്ന ഹിന്ദു തീര്‍ത്ഥാടകര്‍ക്ക് ധനസഹായം നിഷേധിക്കുന്നുവെന്ന് തമിഴ്നാട് ബിജെപി പ്രസിഡന്‍റ് പൊന്‍ രാധാകൃഷ്ണന്‍ ചെന്നൈയില്‍ ചോദിച്ചു. ജെറുസലേമിലേക്ക് തീര്‍ത്ഥയാത്ര നടത്തുന്ന ക്രിസ്ത്യാനികള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ ധനസഹായം നല്‍കും എന്ന് ഇക്കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കരുണാനിധി ഉറപ്പുനല്‍‌കിയിരുന്നു. ഇതാണ് ബിജെപിയെ ചൊടിപ്പിച്ചത്.

“ഹജ്ജിനായി മെക്കയ്ക്ക് പോകുന്ന മുസ്ലീങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ധനസഹായം ഉണ്ട്. ഇപ്പോഴിതാ തമിഴ്നാട് സര്‍ക്കാര്‍ ക്രിസ്ത്യാനികള്‍ക്കും ഈ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നു. എന്നാല്‍ തീര്‍ത്ഥയാത്ര ചെയ്യുന്ന ഹിന്ദുക്കള്‍ക്ക് മാത്രം ധനസഹായം നല്‍‌കാന്‍ ഇരു സര്‍ക്കാരുകളും തയ്യാറല്ല. ഇത് അനീതിയാണ്. ഇന്ത്യയൊരു മതേതര രാജ്യമാണ്. എല്ലാ മതക്കാര്‍ക്കും തുല്യത ഉറപ്പുവരുത്താന്‍ സര്‍ക്കാരുകള്‍ ശ്രമിക്കണം.”

“പാവപ്പെട്ട ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്കും ഹിന്ദു സമൂഹത്തില്‍ പെട്ട ദളിത് വിദ്യാര്‍ത്ഥികള്‍ക്കും തമിഴ്നാട് സര്‍ക്കാര്‍ സ്കോളര്‍‌ഷിപ്പ് നല്‍‌കുന്നില്ല. എന്നാല്‍ ന്യൂനപക്ഷ സമൂഹത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്കാവട്ടെ, അവരുടെ മാതാപിതാക്കള്‍ സമ്പന്നരാണെങ്കിലും, സ്കോളര്‍‌ഷിപ്പ് ലഭിക്കുന്നു. ഇത് അനീതിയല്ലേ? ഈ രണ്ട് കാര്യങ്ങളിലും ഹിന്ദു സമൂഹത്തിന് നീതി ലഭിക്കാന്‍ ഇരുസര്‍ക്കാരുകളും ശ്രദ്ധിക്കണം” - പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ബിജെപിയുടെ കരങ്ങള്‍ക്ക് ശക്തി പകരാനായി പൊന്‍ രാധാകൃഷ്ണന്‍ ഇപ്പോള്‍ തമിഴ്നാട്ടിലെ എല്ലാ ജില്ലകളിലും താമരയാത്ര നടത്തുകയാണ്. അതിന്‍റെ ഭാഗമായി ചെന്നൈയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വച്ചാണ് ന്യൂനപക്ഷങ്ങളെ മാത്രം സഹായിക്കുന്ന സര്‍ക്കാര്‍ പദ്ധതികള്‍ക്കെതിരെ പൊന്‍‌ രാധാകൃഷ്ണന്‍ ആഞ്ഞടിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :