1. മറ്റുള്ളവ
  2. »
  3. സാഹിത്യം
  4. »
  5. ലേഖനങ്ങള്‍

മകന്‍ അച്ഛനെക്കുറിച്ച്

പദ്മരാജനെ കുറിച്ച് മകന്‍ പി. അനന്തപത്മനാഭന്‍

മകന്‍ അച്ഛനെക്കുറിച്ച് പദ്മരാജനെ കുറിച്ച് മകന്‍ പി. അനന്തപത്മനാഭന്‍
നഷ്ടബോധത്തിന്‍റെ മണ്ണ്, പ്രലോഭനത്തിന്‍റെയും

ഞവരയ്ക്കല്‍ തറവാടിനു വടക്കു വശത്തെ ചക്കരമാവിലും, തലമുറകള്‍ ഉറങ്ങുന്ന തെക്കേ പറന്പിലെ വഴിക്ക് ഇരുവശവും വരി നില്‍ക്കുന്ന കവുങ്ങള്‍ക്കിടയിലെ നടക്കാവിലുമാണ് വേനല്‍ പ്രവേശങ്ങളില്‍ ഊഞ്ഞാലുകള്‍ പ്രത്യക്ഷം കൊണ്ടിരുന്നത്.

ചക്കരമാവിന്‍ ചില്ലയിലെ ഊഞ്ഞാലിന്‍മേലുളള "ജില്ലാട്ട'വും തെക്കേ വഴിയിലെ ആഞ്ഞൂലാഞ്ഞൂലിലെ "കൊണ്ടാട്ട'വും , ഊഞ്ഞാല്‍പ്പാട്ടുകളും, വടക്കേ വളളിത്തോടിനൊപ്പം വറ്റിപ്പോയി. ചിങ്ങക്കൊയ്ത്തറുതിയില്‍ മുറ്റത്തു നിരക്കുന്ന "കച്ചി'പ്പുതപ്പും, ഇല്ലം നിറക്കുന്ന "അരി'വിരിപ്പും,

തെങ്ങുകള്‍ ചുറ്റുന്ന "തുറു'പാവാടയും വെട്ടിയിറക്കിയുടന്‍ നാവില്‍ നിറയുന്ന ഇളംകളളിന്‍ മധുരവും അനുഭവിച്ച അവസാന തലമുറ ഞങ്ങളുടേതാവും. ഞങ്ങള്‍ക്കു മുന്പേ പോയിരുന്നവര്‍ക്കു അധികം കിട്ടിയിരുന്നതെന്തെന്നോ , പിന്നാലെ വന്നവര്‍ക്ക് ഇഷ്ടപ്പെട്ടതെന്തെന്നോ, ഒരു വെറും പേച്ചില്‍ മനസ്സിലാക്കി തരാന്‍ പറ്റില്ല.

വാസ്തവത്തില്‍ ഞാന്‍ ആ ഗ്രാമത്തിന്‍റെ മണം തേടിയോടിയെത്തുന്ന ഒരു അതിഥി മാത്രമല്ല? ഇവിടെ? നഗരത്തിന്‍റെ ആത്മാവില്ലാത്ത വര്‍ണ്ണങ്ങളില്‍ നിന്നും വരുന്ന ജീവിതത്തിന്‍റെ പരദേശി ! എനിക്കും ജന്മം തന്ന ഗ്രാമം ഓണാട്ടുകരയുടെ ഈ തീരദേശമണ്ണല.്ള അത് പനങ്കാറ്റു വീശുന്ന പഞ്ചവാദ്യം ഊതുന്ന ഭഗവതി ഉറഞ്ഞാടുന്ന പാലക്കാടന്‍ മണ്ണാണ് - ചിറ്റൂരുളള അമ്മയുടെ തറവാട്ട് വീട് .

എന്‍റെ ദിനരാത്രങ്ങള്‍ ഒരു നഗരത്തിലാണ് വീണുകിടക്കുന്നത് . എന്തുകൊണ്ടൊ, എനിക്കെന്നും പ്രതിപത്തിയും അടുപ്പവും അച്ഛന്‍റെ ജന്മദേശമായ മുതുകുളത്തോടാണ്- ഈ മണ്ണിനോടാണ് - ആയിരുന്നു.

കുഞ്ഞിക്കാലുകള്‍ക്ക് കളിത്തട്ടാകുന്ന മണല്‍മുറ്റങ്ങള്‍, പറങ്കിമാവിന്‍ തണല്‍ത്തടങ്ങള്‍, ഭയപ്പെടുത്താത്ത താമരക്കുളങ്ങള്‍, അരയോളം നെഞ്ചോളം നിന്ന് വെഞ്ചാമരം തടവുന്ന നെല്‍ക്കതിര്‍ക്കണ്ടങ്ങള്‍- പ്രകൃതിയുടെ സൗമ്യ വിന്യാസങ്ങള്‍, പിന്നെ വറ്റാത്ത കഥാധാരയായ അമ്മൂമ്മ.

കഥപറച്ചില്‍ പുരാണങ്ങളും ഐതീഹ്യങ്ങളും, അനുഭവങ്ങളും നാട്ടു ചരിതങ്ങളും കടന്നൊന്നു കിതച്ചു നില്‍ക്കുന്പോള്‍ അമ്മൂമ്മ ഭാവനയുടെ പുതിയ ആകാശങ്ങളിലേക്ക് ഞങ്ങളെ കുട്ടികളെ പട്ടം പറത്തുകാരായി. അത്തരമൊരു പറക്കലിനിടയില്‍ എന്നെ ഏറെക്കാലം അന്ധാളിപ്പിച്ച ഒരു കക്ഷിയെ കണ്ടു മുട്ടി. അമ്മൂമ്മ പറഞ്ഞു തന്ന കഥയുടെ പശ്ഛാത്തലം പഴമയുടെ നിറം വീണതാണ്.

മഹാ പ്രതാപിയായിരുന്ന ഞവരയ്ക്കല്‍ കൃഷ്ണപിളളയുടെ (അമ്മൂമ്മ പോലും കാണാത്ത ഒരു വലിയമ്മാവന്‍). വാഴ്ചക്കാലം വെളളക്കുതിരമേല്‍ നാടു ചുറ്റുന്ന കൃഷി നിരീക്ഷിക്കാനിറങ്ങുന്ന ആജാനു ബാഹു: കായം കുളം കൊച്ചുണ്ണിയെ കുതിര കളിപ്പിച്ച ആ ഉഗ്രന്‍റെ കരുത്തിന്‍റെ ചിഹ്നങ്ങളായി ഇപ്പോഴും ഞവരയ്ക്കല്‍ മുറ്റത്ത് വെട്ടുകല്ലില്‍ കടഞ്ഞ ചില "ഡന്പിള്‍സ്' കിടപ്പുണ്ട്.

പുതിയ തലമുറയിലെ ഞങ്ങള്‍ നാലു തടിയന്മാര്‍ എടുത്താല്‍ പൊങ്ങാത്ത ആ വ്യായാമ ഉപകരണങ്ങള്‍ ആണ് വരും തലമുറയ്ക്കുളള ഞവരയ്ക്കല്‍ കൃഷ്ണപിളളയുടെ രേഖകള്‍.

കഥ ഇങ്ങനെ :- ഒരിക്കല്‍ ഒരു കടല്‍ യാത്രയ്ക്കിടയില്‍ അദ്ദേഹം ഒരു അദ്ഭുത മനുഷ്യനെ കണ്ടുമുട്ടിയത്രേ - ഒരു കടല്‍ മനുഷ്യന്‍ ! (അമ്മൂമ്മ കഥ തീര്‍ക്കുന്നത് തീര്‍ത്തും വിശ്വാസയോഗ്യമായ അടിത്തറകളില്‍ നിന്നാണ് . ഒരു "സിന്‍ബാദി'ന്‍റെ പരിവേഷം തുടക്കത്തിലേ കൃഷ്ണപിളളയമ്മാവന് നല്‍കി കഴിഞ്ഞു.)

മത്സ്യത്തെ പോലെ കടലില്‍ മാത്രം കഴിയുന്ന ഒരു ഹോമോ സാപിയന്‍, രൂപംകൊണ്ടു മനുഷ്യന്‍ തന്നെ, തീര്‍ത്തും നഗ്നന്‍! കൃഷിണപിളളയമ്മാവന്‍ അയാളെ വലയിട്ടു പിടിച്ച് ഞവരയ്ക്കല്‍ കുളത്തില്‍ കൊണ്ടു വന്നിട്ടു. ( വരാലിനെയും മറ്റുമിടുന്നതുപോലെ!)

അയാള്‍ എന്തു ഭാഷയാ പറഞ്ഞത്, എന്ന ഞങ്ങളുടെ ഉത്കണ്ഠയ്ക്ക് കാലതാമസമില്ലാതെ ഉത്തരം; ""ഒരു വരിമാത്രം - "കടലിനു തീ പിടിച്ചേ' എന്നുറക്കെ വിളിക്കും'', അമ്മൂമ്മയുടെ മുഖത്ത് കഥ പറച്ചിലിന്‍റെ ഗൗരവം . ""എന്നിട്ട്?'', ഞങ്ങള്‍ക്കിപ്പോള്‍ ജിജ്ഞാസയുടെ കാലത്തിലൂടെ കടല്‍മനുഷ്യനെ കാണാം.

""ഒരു ദിവസം കടല്‍മനുഷ്യന് പനി പിടിച്ചു''. ശ്രോതാക്കളുടെ മുഖങ്ങളില്‍ നിഴല്‍ പടരുന്നത് അമ്മൂമ്മയറിയുന്നു. ഏറെ താമസ്സിയാതെ കഥയ്ക്ക് ഒരു "സൊലൂഷ്യന്‍' അല്ലെങ്കില്‍ "പോയിറ്റിക് ജസ്റ്റീസ്' എന്ന് വിശേഷിപ്പിക്കാവുന്ന പര്യവസാനം തന്ന് "നറേറ്റര്‍' ഞങ്ങളെ സമാധാനിപ്പിക്കുന്നു.

""എന്നിട്ടെന്തുവാ, കൃഷ്ണപിള്ളയമ്മാവന്‍ അയാളെ വള്ളത്തീ കേറ്റി, കടലില് കൊണ്ടു തിരികെ വിട്ടു. അയാളെ സുഖമായിട്ടങ്ങ് നീന്തിപോയി!'' ഞങ്ങളുടെ ആകാംക്ഷക്ക് ഒരു വിരാമം നല്‍കാന്‍ ചെറുവിശദീകരണം കൂടി, "" വെള്ളം മാറിയതു കൊണ്ടാ കടല്‍ മനുഷ്യന് പനി വന്നത്.

തിരികെ കടലീ കൊണ്ടുപോയി വിട്ടപ്പം പനിയുമങ്ങുമാറി, സുഖോമായി!'' എനിക്കെവിടെയോ യുക്തിയുടെ കണ്ണികള്‍ വിട്ടതായി തോന്നി. സംശയനിവൃത്തിക്ക് അച്ഛനെ സമീപിച്ചു. അച്ഛന്‍ ഉറക്കെ ചിരിക്കുന്നു. ""ചെലപ്പൊ, ശരിയായിരിക്കുമെടാ.ഞാന്‍ കണ്ടിട്ടില്ല.''

എന്നെ ഏറെ നാള്‍ അലട്ടിയ ആ കഥാപാത്രം ഒരുപക്ഷേ , നാളെയൊരുനാള്‍ എന്‍റെ ഏതെങ്കിലും ഒരു കഥയിലേക്ക് നീന്തിപ്പറ്റയാല്‍ അതിന്‍റെ കോപ്പിറൈറ്റ്, ഞാന്‍ നേരില്‍ കണ്ട ഏറ്റവും വലിയ കഥ പറച്ചിലുകാരിക്ക് തന്നെ. "അമ്മൂമ്മക്കഥകളില്‍നിന്നും "ലിഫ്റ്റ്' ചെയ്യാവുന്ന ചില വിശേഷവ്യക്തിത്വങ്ങള്‍ ഇനിയുമുണ്ട്, ഇതുമാതിരി.


കഥകളുടെ ആ മഹാവൃക്ഷം ഇല്ലാതായിട്ട് 10വര്‍ഷമാകുന്നു. മുതുകളത്തിന്‍റെ ഗ്രാമസ്പന്ദനങ്ങള്‍ക്ക് വ്യതിയാനം വന്നത് പോലും അമ്മൂമ്മയുടെ മരണശേഷമാണെന്ന് ചിലപ്പോഴൊക്കെ തോന്നിപ്പോവാറുണ്ട്.

കൊയ്ത്തില്ലാതെ അനാഥമായ കണ്ടങ്ങള്‍, വറ്റിപോകുന്ന കുളങ്ങള്‍, പായല്‍ കയറി ചലനം നിലച്ച തോടുകള്‍, മണ്ട പോയ തെങ്ങുകള്‍, ചടച്ച പശുക്കള്‍, ഒഴിഞ്ഞ തൊഴുത്തുകള്‍, വര്‍ണ്ണപ്പട്ടങ്ങളില്ലാതെ ശുഷ്ക്കിച്ച ആകാശങ്ങള്‍, നാടന്‍ ചൊല്ലുകളുടെയും പഴംപാട്ടുകളുടെയും സ്ഥാനത്തേക്ക് നിഷ്ക്കരുണം അധിനിവേശിക്കുന്ന ഏ.ആര്‍. റഹ്മാന്‍ താളങ്ങള്‍, മനസ്സിലെ ഗ്രാമീണതയെ മനഃപൂര്‍വ്വം തുടച്ചു നീക്കുന്ന മനുഷ്യന്‍ - ഈ മണ്ണ് അനുനിമിഷം പരിവര്‍ത്തനത്തിനു വിധേയമാക്കി കൊണ്ടിരിക്കുന്നു.

വിശാലമായ പുരയിടനടുവിലെ അടഞ്ഞു കിടക്കുന്ന തറവാട് ദുഃഖമാണ്. ഒരാഗ്രഹം. എനിക്ക് പൈതൃകമായി ലഭിച്ച ഒരിത്തിരി മണ്ണ് ഇവിടെയുണ്ട്. മരിക്കുന്പോള്‍ ഞാനടങ്ങേണ്ടത് ഇനിയും മുറിവ് പറ്റാത്ത ഈ പ്രശാന്തിയിലാവണം. എന്‍റെ അച്ഛനും, അമ്മൂമ്മയും, പിതൃക്കളും ഒക്കെ ഇവിടെ കൂട്ടിനുണ്ട്.

നഗരത്തിന്‍റെ "ഇലക്ട്രിക് ക്രിമിറ്റോറിയ' ത്തിന്‍റെ നിര്‍വ്വികാരത ഭയപ്പെടുത്തുന്നതാണ്. മരണശേഷം നമ്മില്‍ എന്തെങ്കിലും ബോധം ശേഷിക്കുന്നുവെങ്കില്‍ ഞാനേറ്റവും ഭയക്കുന്ന സംസ്കാരമായിരിക്കും അത്. ഇവിടെ ഈ തണല്‍ത്തടങ്ങളില്‍, സാന്ത്വനത്തിന്‍റെ അദൃശ്യങ്ങളായ നിരവധി കരങ്ങള്‍!

ഞാന്‍ ഇതുവരെ എഴുതിയ കഥകളൊന്നും ഈ മണലില്‍ നിന്നുമുരുവം കൊണ്ടതല്ല. "ചിറ്റൂര്‍ സ്കെച്ചുകള്‍' എന്ന് വിളിക്കാവുന്ന കഥകള്‍. അതിനൊരു കാരണമുണ്ട്, പാലക്കാടന്‍ മനസ്സു പഠിക്കാന്‍ വിഷമമില്ല. തീര്‍ത്തും "അണ്‍കംപ്ളീറ്റഡ് സ്റ്റഫ്'. ഒരൊറ്റ ചിന്താധാരയോ, ഒരൊറ്റ നിറമോ മാത്രം, വെളിവാക്കുന്ന "രാവുണ്ണിനായര്‍മാരും', "മീനാക്ഷിയമ്മകളും (അല്ലാത്തവരും ഉണ്ട്) പ്രകൃതിക്കും വലിയ വിഷദംശങ്ങള്‍ ഏറ്റിട്ടില്ല.

"എന്തുകൊണ്ട് ഈ നാടിന്‍റെ കഥകള്‍ എഴുതുന്നില്ല' എന്ന ചോദ്യത്തിന് ഓണാട്ടുകരയുടെ പ്രകൃതിമാറുന്നു,' എന്നത് ഉത്തരമല്ല. (മഹാനടനായ നെടുമുടി വേണു നേരില്‍ കാണുന്പോഴൊക്കെ സ്നേഹപൂര്‍വ്വം ഈ കാര്യം തിരക്കാറുണ്ട്.

ഉത്തരമിതാണ് - ഈ മണ്ണിന്‍റെ മനുഷ്യന്‍ കളി പഠിച്ച പുള്ളിയാണ്. ഒരുപാട് പിടികിട്ടാക്കയങ്ങളും, നിറപ്പകര്‍ച്ചകളും, കടകം മറച്ചിലുകളും വശമുള്ള "കള്ളന്‍ പവിത്രന്മ'ര്‍ക്കും, "ചെല്ലപ്പനാശാരി'മാര്‍ക്കും, "ശിവന്‍ പിള്ള മേശിരി'മാര്‍ക്കും അളവെടുക്കുന്നത് ചില്ലറ പണിയല്ല. "വാണിയന്‍ രാമന്‍'മാര്‍ വിരളം ആയിക്കൊണ്ടിരിക്കുന്നു. ഒരു ഗവേഷണത്തിന്‍റെ ഏകാഗ്രതയും, അവധാനതയും പാത്രനിരീക്ഷണങ്ങള്‍ക്കാവശ്യം.

ഗ്രാമഭംഗിയുടെ തിരോധാനത്തിന്‍റെ പ്രതീകമായി വറ്റുന്ന വള്ളിത്തോട് നിലകൊള്ളുന്നു. എങ്കിലും ചില മുറുക്കാന്‍ കറ കേറിയ ചിരികള്‍, കള്ളു മണക്കുന്ന കളങ്കമില്ലാത്ത വാത്സല്യങ്ങള്‍, സന്ധ്യ "മൂക്കുന്പം' കവലപ്പടിയില്‍ ചൂടുപിടിക്കുന്ന രാഷ്ട്രീയവബോധനങ്ങള്‍, എല്ലാ പ്രതിലോമങ്ങള്‍ക്കും എതിരെ സ്വന്തം മഴയും വെയിലും കൊണ്ട് മാത്രം,

വാശിയോടെ തഴച്ചു പൊങ്ങുന്ന ഒറ്റപ്പെട്ട ചില യുവത്വങ്ങള്‍, കടംകൊണ്ട "അര' അറിവും, "കാല്‍' അറിവും, മൂലധനമാക്കി നാളെയുടെ സാംസ്ക്കാരിക നായകന്മാരാകാന്‍, കുപ്പായക്കൈ തെറുത്തുകേറ്റി "സര്‍വ്വ പുച്ഛ വിശാരദന്മാ'രായി മൂഢസ്വര്‍ഗ്ഗങ്ങളില്‍ അലയുന്ന കൗമാരക്കൂട്ടങ്ങള്‍,

"ലോകം ഏതുവഴി പോയാലെന്ത് ' എന്ന തത്വചിന്താപര നിസ്സംഗതയോടെ ഒന്നു മൂക്കുപൊടി ആഞ്ഞുപിടിച്ച് "തൂന്പാ ചെറമിക്കാന്‍' പോകുന്ന ഒറ്റയാന്‍മാര്‍ - എനിക്ക് ഇഷ്ടം തോന്നുന്ന പലതുമുണ്ട്. ഈ മണ്ണില്‍ നിലയ്ക്കാത്ത പ്രലോഭനമായി,

കഥാപാത്രമാവാന്‍ മനസ്സിന്‍ പടിയില്‍ നിരന്തരം മുട്ടുന്ന ജീവിതമുഖങ്ങള്‍. ഒരു പക്ഷേ, നാളെയൊരു നാള്‍ അവരുടെ കഥ പറയാന്‍ ഞാന്‍ തിരഞ്ഞെടുക്കുന്ന മാധ്യമം ചെറുകഥ തന്നെയാവണമെന്നില്ല