“മലയാള സൈബര്‍ ലോകത്തെക്കുറിച്ച് വിരലിലെണ്ണാവുന്ന പഠനങ്ങള്‍ മാത്രമേ പുറത്തുവന്നിട്ടുള്ളുവെങ്കിലും അവയെല്ലാം തന്നെ ഏറെക്കുറെ ഗഹനത അവകാശപ്പെടാന്‍ കഴിയുന്നത് തന്നെ. ആ പഠനങ്ങള്‍ പോലും ഇത്തരം ഒരു അഭിപ്രായം തട്ടിമൂളിക്കുന്നതിന് മുമ്പ് ഇന്ദു ഓര്‍ക്കേണ്ടതായിരുന്നു. നവ നിരൂപകരില്‍ പ്രമുഖനും പത്ര പ്രവര്‍ത്തകനും ഒക്കെയായ പി കെ രാജശേഖരന്‍ മലയാള സൈബര്‍ ലോകത്തെക്കുറിച്ച് നടത്തിയ ഒരു നിരീക്ഷണം ഇങ്ങനെയാണ് -
“സാഹിത്യപ്രവര്‍ത്തര്‍ക്കിടയിലും കമ്പ്യൂട്ടര്‍ സാക്ഷരത കമ്മിയാണ്. ഇതിന്റെ മറുവശത്ത് സങ്കേതിക വിദ്യയുടെ അമാനവികതയെ ചെറുക്കാനുള്ള ഉട്ടോപ്യയായി, ഗൃഹാതുര ഭൂതകാലമായി സാഹിത്യത്തെ വീക്ഷിക്കുന്ന മനോഭാവം മലയാള സാഹിത്യത്തില്‍ കാണം. സാങ്കേതികതയുമായി ബന്ധപ്പെടുമ്പോള്‍ ആശങ്കയുടെ ഭീത സ്വരവും (കാല്‌പ്പനിക) ഗൃഹാതുരത്വവുമാണ് മലയാള ഭാവനയില്‍ മേല്‍ക്കോയ്‌മ നേടിയത്, ആധുനികതാവാദികളില്‍ പോലും”(ഏകാന്ത നഗരങ്ങള്‍, പി കെ രാജശേഖരന്‍).
പി കെ പറഞ്ഞ ഈ ഉട്ടോപ്യന്‍ കാല്‌പനികത തന്നെയാണ് പേനയും പേപ്പറും ഉണ്ടെങ്കിലെ സര്‍ഗാത്‌മകതയുണ്ടാവൂ എന്നും സാഹിത്യമുണ്ടാവൂ എന്നും വലിയ വായില്‍ വിളിച്ചു പറയാന്‍ ഇന്ദുമേനോനെ പ്രേരിപ്പിച്ചത്. ആഢ്യ കുലജാതനും പണ്ഡിതനും മാത്രമേ സാഹിത്യമെഴുതാവു എന്ന പഴയ ക്ലാസിക്ക് പുളിച്ചു തികട്ടലും ഈ പ്രസ്‌താവനയുടെ അടിത്തട്ടില്‍ കിടപ്പുണ്ട്. പിന്നെ കക്കൂസ് സാഹിത്യമെന്നാല്‍ തെറിയാണ് എന്ന് മാത്രമേ മലയാളിക്കറിയൂ. അതിനുമപ്പുറം ഗൌരവതരമായ പല പഠനങ്ങള്‍ക്കും അത് ഇടനല്‍കിയിട്ടുണ്ട്. ഗ്രഫീറ്റികളെക്കുറിച്ചും ചുവരെഴുത്തുകളെക്കുറിച്ചും ലോകത്തൊട്ടാകെ തന്നെ അക്കാദമിക് ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. മലയാളത്തിലെ ഒരു പ്രമുഖ പ്രസിദ്ധീകരണം ഈ അടുത്ത കാലത്ത് ചുവരെഴുകളെക്കുറിച്ച് അതിന്റെ രാഷ്‌ട്രീയവും സാമൂഹികവുമായ മാനങ്ങളെക്കുറിച്ച് ഗൌരവമായ ലേഖനങ്ങള്‍ തന്നെ പ്രസിദ്ധീകരിച്ചിരുന്നു.
അടുത്ത പേജില്‍: ചില ചുവരെഴുത്തുകള്‍ വായിച്ചേ മതിയാകൂ