സാമ്പ്രദായികമായ എഴുത്ത് സാമഗ്രികളെ പാടെ തിരസ്ക്കരിച്ചുള്ള പുത്തന്‍ എഴുത്ത്, നമ്മുടെ ആഴ്ചപ്പതിപ്പ് സാഹിത്യകാരന്മാരെ അസ്വസ്ഥരാക്കാന്‍ തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. പേനയും പേപ്പറും ഉപയോഗിച്ച് സാഹിത്യം എഴുതിയില്ലെങ്കില്‍ ഭാവനാ ശൂന്യമാണ് ആ സൃഷ്ടികളെന്നും അവയെല്ലാം സര്‍ഗാത്മകതയുടെ അന്ത്യം കുറിക്കുമെന്നുമാണ് ഈ എഴുത്തുമേശ സാഹിത്യകാരന്മാര് ഘോരഘോരം കവല പ്രസംഗങ്ങള്‍ നടത്തുന്നത്.
സാഹിത്യകാരിയും തിരക്കഥകൃത്തും പിന്നെ ഒത്തു പിടിച്ചാല്‍ നാളത്തെ അക്കാദമി പ്രസിഡന്റുവരെയാകേണ്ട ഇന്ദുമേനോനാണ് ഏറ്റവും ഒടുവിലായി സൈബര്‍ സാഹിത്യത്തിന് നേരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ബ്ലോഗ് എഴുത്ത് എന്നാല്‍ കക്കൂസ് സാഹിത്യമാണെന്നാണ് ഇന്ദുമേനോന്റെ പക്ഷം. ബ്ലോഗ് മാത്രമല്ല ഫേസ്ബുക്ക് പോലും അത്തരം ഒരു സാഹിത്യമാണ് എന്നാണ് ഇന്ദു ഉറപ്പിച്ച് പറയുന്നത്.
രണ്ടു തരത്തില്‍ നമുക്ക് ഈ പ്രസ്താവനയെക്കാണാം. "ഇവിടെയുണ്ട് ഞാന്‍ എന്നറിയിക്കുവാന്‍ മധുരമായൊരു കൂവല്‍ മാത്രം മതി” പോലെ ഇടയ്ക്ക് ഒന്ന് കൂവി അനാവശ്യ വിവാദങ്ങളിലൂടെ പ്രശസ്തയാകാനുള്ള ത്വര, അല്ലെങ്കില്‍ തികഞ്ഞ അജ്ഞത. സാഹിത്യം എഴുതണമെങ്കില്‍ കുലവും വംശവും വരെ ആവശ്യമായിരുന്ന ഒരു ക്ലാസിക്ക് കാലഘട്ടത്തിന്റെ അവശേഷിപ്പ് കൂടിയാണ് ഈ പ്രസ്താവന. കക്കൂസില്‍ പോകണമെങ്കില്‍ സിഗരറ്റ് വലിച്ചേ മതിയാകൂ എന്നത് പോലെയാണ് പേപ്പറും പേനയും ഉണ്ടെങ്കിലേ എഴുത്തുവരൂ എന്ന് പറയുന്നത്.
അടുത്ത പേജില്‍: കാല്‍പ്പനികതയുടെ വഴുക്കന്‍ കുളിമുറികള്‍