മുസ്ലിം പെണ്‍കുട്ടിയെ പ്രണയിച്ചതിന് പെട്രോള്‍ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു

ചാരുംമൂട്| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആലപ്പുഴ എസ്.ഡി കോളജിലെ ഡിഗ്രി വിദ്യാര്‍ത്ഥി ജിത്തു മോഹനനാണ്(21) ഇന്ന് പുലര്‍ച്ചെ മരിച്ചത്.

ചുനക്കര സ്വദേശിനിയായ മുസ്ലീം പെണ്‍കുട്ടിയും ജിത്തുവുമായി പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പ്രണയത്തെ എതിര്‍ത്തു. പെണ്‍കുട്ടിയെ സഹോദരീ ഭര്‍ത്താവിന്റെ കൊടുങ്ങല്ലൂരുള്ള വീട്ടിലേയ്ക്ക് മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ജിത്തുമോഹന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തെങ്കിലും പെണ്‍കുട്ടിയെ കോടതി ബന്ധുക്കള്‍ക്കൊപ്പം പോകാന്‍ അനുവദിച്ചു. പിന്നീട് പെണ്‍കുട്ടിയെ കാണാന്‍ ജിത്തു കൊടുങ്ങല്ലൂരിലെ വീട്ടിലെത്തി. പെണ്‍കുട്ടിയുടെ സഹോദരീ ഭര്‍ത്താവായ പൊലീസുകാരന്‍ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു. പ്രണയത്തില്‍ നിന്ന് പിന്‍മാറണമെന്ന് സഹോദരീ ഭര്‍ത്താവും സുഹൃത്തുക്കളും ജിത്തുവിനോട് ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിടുകയും സംഘര്‍ഷത്തില്‍ അവസാനിക്കുകയുമായിരുന്നു.

സംഘര്‍ഷത്തിനൊടുവില്‍ ജിത്തുവിനെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം ഉണ്ടായി. ദേഹമാസകലം പൊള്ളലേറ്റ ജിത്തുവിനെ നാട്ടുകാര്‍ കൊടുങ്ങല്ലൂരിലെ ആശുപത്രിയിലും വൈകിട്ട് അഞ്ചുമണിയോടെ എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചു. വിദഗ്ദ്ധ ചികിത്സയ്ക്കായി പിന്നീട് അമൃത ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.

എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി ജിത്തുവിന്റെ മൊഴിയെടുത്തിരുന്നു.

ജിത്തുമോഹനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ മാവേലിക്കര താലൂക്കില്‍ നാളെ രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :