ടോട്ടല്‍ തട്ടിപ്പ്: ചന്ദ്രമതിക്ക് ജാമ്യം

ചന്ദ്രമതി
WEBDUNIA|
PRO
PRO
ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസിലെ മൂന്നാം പ്രതി സിഡ്കോ ചന്ദ്രമതിക്ക് കോടതി ജാമ്യം അനുവദിച്ചു. ക്രൈ ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ചന്ദ്രമതിക്ക് ജാമ്യം അനുവദിച്ചത്.

തട്ടിപ്പ്‌ കേസിലെ നാലാം പ്രതി പ്രമോദ്‌ ഐസക്ക്‌ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. മൂന്നാം പ്രതി സിഡ്കോ ചന്ദ്രമതിക്കും ജാമ്യം അനുവദിച്ചിരിക്കുകയാണ്. മുഖ്യ പ്രതി ‘കുട്ടിക്കുബേരന്‍’ ശബരീനാഥ്‌, ഡോ. രമണി എന്നിവര്‍ ഇപ്പോഴും ജയിലില്‍ തന്നെയാണുള്ളത്.

തിരുവനന്തപുരം ഫസ്റ്റ്‌ ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതി ജഡ്ജി എ. എം റഷീദാണ്‌ വിധി പ്രഖ്യാപിച്ചത്‌. കേസില്‍ ഏറെ നാള്‍ ഒളിവില്‍ കഴിഞ്ഞ ചന്ദ്രമതി നാടകീയമായാണ്‌ പോലീസിനു കീഴടങ്ങിയത്‌. ചന്ദ്രമതിയെ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്ന പലരും സഹായിക്കുന്നുണ്ടെന്ന് പണ്ടേ ആരോപണം ഉണ്ട്. കേസില്‍ ക്രൈംബ്രാഞ്ച്‌ ഗുരുതരമായ വീഴ്ച വരുത്തിയെന്നും ആരോപണമുണ്ടായിരുന്നു. പുതിയ വിധിയും ഈ ആരോപണങ്ങളെ ശക്തമാക്കുകയാണ്.

ശബരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ ചന്ദ്രമതിയെ മൂന്നാം പ്രതിയാക്കിയത്‌. ടോട്ടലില്‍ ചന്ദ്രമതി പന്ത്രണ്ട് കോടി രൂപ നിക്ഷേപിക്കുകയും ഇരുപത് കോടി രൂപ പിന്‍വലിക്കുകയും ചെയ്‌തതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ടോട്ടല്‍ തട്ടിപ്പ്‌ നടന്നിട്ട്‌ ഒരു കഴിഞ്ഞെങ്കിലും ഇതുവരെ അന്വേഷണ സംഘത്തിന്‌ കുറ്റപത്രം നല്‍കാനായിട്ടില്ല. ഒന്നിന് മേല്‍ ഒന്നായി കേസുകള്‍ ചുമത്തിക്കൊണ്ടാണ് പൊലീസ് പ്രതികളുടെ ജാമ്യാപേക്ഷ തടഞ്ഞിരുന്നത്. എന്നാല്‍ നാലും മൂന്നും പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതോടെ ബാക്കിയുള്ള പ്രതികള്‍ക്കും ജാമ്യം ലഭിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :