ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തന്നെ പ്രതിയാക്കിയിട്ടുള്ള എട്ട് കേസുകള്‍ ഒറ്റ കോടതിയില്‍ പരിഗണിക്കണമെന്ന ഡോ രമണിയുടെ അപേക്ഷ കോടതി തള്ളി. തിരുവനന്തപുരം രണ്ടാം അഡീഷണല്‍ ജില്ലാ കോടതിയാണ് അപേക്ഷ തള്ളിയത്. ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഡോ രമണി പറഞ്ഞു.
രമണിക്ക് ഒരേസമയം രണ്ട് കോടതികളിലായി ജാമ്യാപേക്ഷ നല്‍കാനാവില്ലെന്നതിനാല്‍ എല്ലാ കേസുകളും ഒരു കോടതിയിലാക്കണമെന്നാണ് രമണിയുടെ അഭിഭാഷകന് ആവശ്യപ്പെട്ടത്. നിലവില്‍, തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയിലും ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിലും ഉള്ള കേസുകള്‍ ഒറ്റക്കോടതിയിലാക്കണമെന്ന അപേക്ഷയാണ് കോടതി തള്ളിയത്.
ബുധനാഴ്ച കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാരിന്റെയും, രമണിയുടെ അഭിഭാഷകന്റെയും വാദം കോടതി കേട്ടിരുന്നു. രമണിയുടെ ആവശ്യത്തെ സര്‍ക്കാര്‍ പ്ലീഡര്‍ എ രാജസേനന് എതിര്‍ത്തിരുന്നു. ജാമ്യമെടുക്കുന്നതിന് വേണ്ടിയാണ് കേസുകളെല്ലാം ഒരു കോടതിയിലാക്കണമെന്ന് രമണി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് നിയമവിരുദ്ധമാണെന്നും, ഈ ആവശ്യം അനുവദിക്കാന്‍ കോടതിക്ക് അധികാരമില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന് വാദിച്ചിരുന്നു.