ജോണ്‍ ബ്രിട്ടാസ് പോകുന്നത് സ്റ്റാര്‍ ടിവിയിലേക്ക്!

തിരുവനന്തപുരം| WEBDUNIA|
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉടമസ്ഥതയിലുള്ള കൈരളി ടിവി മാനേജിംഗ് ഡയറക്ടര്‍ സ്ഥാനം രാജിവച്ച പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ് ‘കുത്തക മാധ്യമം’ എന്ന് ആരോപിക്കപ്പെടുന്ന സ്റ്റാര്‍ ടിവിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഊഹാപോഹം. മെയ്13-ന് തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, ബ്രിട്ടാസ് പാര്‍ട്ടി ചാനല്‍ വിട്ടുപോകുന്നതിന്റെ കാരണം വ്യക്തമല്ല. രാജിവയ്ക്കാനിടയായ സാഹചര്യത്തെക്കുറിച്ച ബ്രിട്ടാസ് പ്രതികരിച്ചിട്ടുമില്ല. എങ്കിലും പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍ തന്നെയാണ് ബ്രിട്ടാസിന്റെ ജോലി തെറിക്കാന്‍ കാരണമായത് എന്നാണ് കരുതപ്പെടുന്നത്.

ബ്രിട്ടാസ് ചുമതല ഏറ്റതിന് ശേഷമായിരുന്നു കൈരളി ചാനല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. വാര്‍ത്താ ചാനലായ പീപ്പിള്‍, വീ എന്നിവയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തുടങ്ങി. ക്വസ്റ്റ്യന്‍ ടൈം, ചാറ്റ്‌ ഷോ എന്നീ പരിപാടികളുടെ അവതാരകന്‍ കൂടിയാണ് ബ്രിട്ടാസ്. എത്രയും പെട്ടെന്ന് ബ്രിട്ടാസിന്റെ പകരക്കാരനെ കണ്ടത്താനുള്ള ശ്രമത്തിലാണ് പാര്‍ട്ടിയിപ്പോള്‍. പുതിയ മാനേജിംഗ് ഡയറക്ടറെ കണ്ടുപിടിക്കാനുള്ള ചുമതല പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനാണെന്നാണ് റിപ്പോര്‍ട്ട്.

തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ ജിഹ്വയായി അറിയപ്പെടുന്ന കൈരളി ടിവിയില്‍ നിന്ന് രാജിവച്ച് മുതലാളിത്ത വഴിയില്‍ സഞ്ചരിക്കുന്ന സ്റ്റാര്‍ ടിവിയിലേക്ക് ബ്രിട്ടാസ് മറുകണ്ടം ചാടുന്നത് അത്ഭുതത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ നോക്കിക്കാണുന്നത്. കഴിഞ്ഞ സിപിഎം പഠന കോണ്‍ഗ്രസ്സില്‍ ഉള്‍‌പ്പെടെ പല പാര്‍ട്ടി വേദികളിലും റൂപ്പര്‍ട്ട് മര്‍ഡോക്ക് അടക്കമുള്ള കുത്തക മാധ്യമങ്ങള്‍ക്കെതിരെ പടവാളുയര്‍ത്തിയിട്ടുള്ള ബ്രിട്ടാസ് തന്റെ പുതിയ മാറ്റത്തെപറ്റി എങ്ങിനെ വിശദീകരിക്കും എന്ന് വരും നാളുകളില്‍ കണ്ടറിയാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :