എസ് എഫ് ഐയുടെ സംസ്ഥാന മുന്‍ പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റും ആയിരുന്ന സിന്ധു ജോയി സി പി എം വിട്ടു. പാര്‍ട്ടി അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് സിന്ധു വ്യക്തമാക്കി. രാജിക്കത്ത് തിരുവനന്തപുരം ജില്ലാ പാര്‍ട്ടി കമ്മിറ്റിക്ക് നല്കി. എസ് എഫ് ഐയുടെ ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനവും സിന്ധു രാജിവെച്ചു.
ഇന്നു രാവിലെ സി പി എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനാണ് സിന്ധു രാജിക്കത്ത് നല്കിയത്. കഴിഞ്ഞ ഒരു വര്‍ഷമായി സി പി എമ്മുമായി സിന്ധു ജോയിക്ക് വലിയ ബന്ധമൊന്നുമില്ലായിരുന്നു. കഴിഞ്ഞ രാജ്യസഭാതെരഞ്ഞെടുപ്പ് സമയത്ത് സീറ്റു നല്കാത്തതില്‍ തുടങ്ങിയതായിരുന്നു സി പി എമ്മും സിന്ധു ജോയിയും തമ്മിലുള്ള അകല്ച്ച. സിന്ധു ജോയിക്ക് സീറ്റു നല്കാതെ കെ എന്‍ ബാലഗോപാലിനും ടി എന്‍ സീമയ്ക്കുമായിരുന്നു അന്ന് സി പി എം രാജ്യസഭയിലേക്ക് പോകാന്‍ സി പി എം സീറ്റു നല്കിയത്.
സി പി എം വിട്ട സിന്ധു നേരെ എത്തുന്നത് കോണ്‍ഗ്രസ് പാളയത്തിലേക്കാണ്. ഇന്നു പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ തെരഞ്ഞെടുപ്പു കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് കൊണ്ട് സിന്ധു ജോയ് കോണ്‍ഗ്രസിലേക്ക് പ്രവേശിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥിയായിരുന്ന സിന്ധു ഈ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിക്കു വേണ്ടി പുതുപ്പള്ളിയില്‍ എത്തുന്നത് രാഷ്‌ട്രീയനിരീക്ഷകരില്‍ കൌതുകമുണര്‍ത്തിയിട്ടുണ്ട്.