സിനിമയില്‍ തിരക്ക്, മത്സരിക്കാനില്ലെന്ന് മുകേഷ്

WEBDUNIA|
PRO
PRO
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിനിമാ താരങ്ങളുടെ പ്രളയം ഉണ്ടാകുമെന്നാണ് പ്രചരിപ്പിക്കപ്പെട്ടിരുന്നത്. മമ്മൂട്ടി തൊട്ട് ദേവന്‍ വരെയുള്ള താരങ്ങള്‍ ഇത്തവണ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇരുമുന്നണികളുടെയും സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറങ്ങിയപ്പോള്‍ ഒരു കാര്യം മനസിലായി. ബാലകൃഷ്ണപിള്ളയുടെ മകന്‍ കെബി ഗണേഷ് കുമാര്‍ അല്ലാതെ വേറെയാരും സിനിമാ രംഗത്തുനിന്ന് ഇത്തവണ മത്സരിക്കാന്‍ ഇല്ല. മത്സരിക്കുമെന്ന് അവസാനം വരെ പ്രതീക്ഷിക്കപ്പെട്ടിരുന്ന മുകേഷും മത്സരത്തിനില്ല.

കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ നിയോജന മണ്ഡലത്തില്‍ മുകേഷ് മത്സരിക്കുമെന്നായിരുന്നു പ്രചരണം. ഇടതുപക്ഷ സഹയാത്രികന്‍ എന്നറിയപ്പെട്ടിരുന്ന മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപി‌എം പഠിച്ച പണി പന്ത്രണ്ട് എടുത്തെങ്കിലും ‘ഞാനിപ്പോള്‍ തിരക്കിലാണ്’ എന്നാണ് മുകേഷ് മറുപടി കൊടുത്തത്. രാഷ്‌ട്രീയത്തില്‍ ഇറങ്ങുന്നത്‌ തന്റെ കരിയറിനെ ബാധിക്കുമെന്നതിനാലാണ്‌ മുകേഷ്‌ തല്‍ക്കാലം സ്‌ഥാനാര്‍ഥിത്വം വേണ്ടെന്ന്‌ വച്ചതെന്നാണ് അറിയുന്നത്.

മോഹന്‍ലാല്‍ നായകനാകുന്ന ‘അറബീം ഒട്ടകവും പിന്നെ മാധവന്‍ നായരും’ എന്ന ചിത്രത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് മുകേഷിപ്പോള്‍. ഇതിന്റെ തിരക്ക് കാരണം സ്ഥാനാര്‍ത്ഥിയാകാന്‍ മാത്രമല്ല പ്രചരണത്തിന് ഇറങ്ങാന്‍ പോലും സമയമില്ല എന്നാണ് മുകേഷ് പറയുന്നത്. ഇക്കാര്യം മുകേഷ് തന്നെ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മുകേഷ് സ്ഥാനാര്‍ത്ഥിയാകാന്‍ ഇല്ലെന്ന് അറിയിച്ചതോടെ അദ്ദേഹത്തിന്റെ സഹോദരി ഭര്‍ത്താവും ഹോര്‍ട്ടികോര്‍പ്പ്‌ ചെയര്‍മാനുമായ ഇഎ രാജേന്ദ്രന്റെ പേര്‌ സ്‌ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയില്‍ ഉയര്‍ന്നിരുന്നു.

രാജേന്ദ്രന് മത്സരിക്കാന്‍ താല്‍‌പര്യം ഉണ്ടായിരുന്നു എങ്കിലും അടുത്തിടെ ഹൃദയ ശസ്‌ത്രക്രിയ കഴിഞ്ഞതിനാല്‍ വിശ്രമം ആവശ്യമെന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹവും പിന്മാറി. പാര്‍ട്ടി നിര്‍ദേശം അനുസരിക്കാന്‍ തയാറുള്ള കുടുംബമാണിതെന്നും രണ്ടുപേരുടെയും സാഹചര്യം അനുകൂലം അല്ല എന്നാണ് മുകേഷിന്റെ സഹോദരിയും ഇഎ രാജേന്ദ്രന്റെ ഭാര്യയുമായ സന്ധ്യാ രാജേന്ദ്രന്‍ പറയുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ രണ്ടിലൊരാള്‍ അരക്കൈ നോക്കാന്‍ ഇറങ്ങുമെന്നും സന്ധ്യ പറയുന്നു.

ജഗദീഷ്‌, ജഗതി ശ്രീകുമാര്‍, സുരേഷ്‌ഗോപി, വികെ ശ്രീരാമന്‍ എന്നിങ്ങനെയുള്ള താരങ്ങളുടെ പേരുകളും സ്ഥാനാര്‍ത്ഥി നിര്‍ണയ സമയത്ത് സജീവ പരിഗണനയില്‍ ഉണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷത്തില്‍ ഇവരെല്ലാം പല കാരണങ്ങളാല്‍ ഇരു മുന്നണികളുടെയും പട്ടികയില്‍ നിന്ന് പുറത്താവുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :