ഗോതമ്പു മറിച്ചുവില്‍ക്കല്‍: മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി

ആലപ്പുഴ| WEBDUNIA| Last Modified ഞായര്‍, 17 ജനുവരി 2010 (11:24 IST)
PRO
ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ് പ്രകാരം കേരളത്തിന് അനുവദിച്ച അരിയും ഗോതമ്പും മറിച്ചുവിറ്റെന്ന ആരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി കെവി തോമസും സംസ്ഥാന മന്ത്രി തോമസ് ഐസകും നടത്തി. ഇരുവരും അവരവരുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയാണെന്നായിരുന്നു തോമസ് ഐസക്കിന്‍റെ പ്രതികരണം.

ആലപ്പുഴയില്‍ ഭക്‍ഷ്യഗ്രാമം പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ ഇരുകൂട്ടരും ശ്രമിക്കുമെന്ന് കെവി തോമസ് പറഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ക്ക് അരിയും ഗോതമ്പും എത്തിക്കുക എന്നതാണ് പ്രധാന ലക്‍ഷ്യമെന്നും അതിനുവേണ്ടിയാണ് ഇരുകൂട്ടരും പ്രവര്‍ത്തിക്കുന്നതെന്നും കെവി തോമസ് പറഞ്ഞു. ഇക്കാര്യത്തില്‍ എഫ്‌സിഐ ചെയര്‍മാനുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ് പദ്ധതിപ്രകാരം കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് അനുവദിച്ച അരി സ്വകാര്യമില്ലുകള്‍ക്ക് വില്‍ക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു കെവി തോമസിന്‍റെ ആരോപണം. പൊതുവിതരണ സമ്പ്രദായം വഴിയോ സഹകരണ സംഘങ്ങള്‍ വഴിയോ ജനങ്ങള്‍ക്ക് വില്‍ക്കേണ്ട അരിയും ഗോതമ്പുമാണ് ടെന്‍ഡര്‍ വിളിച്ച് കൂടിയ വിലയ്ക്ക് സ്വകാര്യ മില്ലുകള്‍ക്ക് വില്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതെന്നും കേന്ദ്രം ഈ നടപടി തടഞ്ഞെന്നുമായിരുന്നു കെവി തോമസിന്‍റെ വെളിപ്പെടുത്തല്‍.

എന്നാല്‍ കേന്ദ്രം നല്‍കുന്ന ഗുണനിലവാ‍രമില്ലാത്ത ഭക്‍ഷ്യസാധനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സബ്സിഡി നല്‍കിയിട്ടും റേഷന്‍ കടകളിലൂടെ വിറ്റുപോകുന്നില്ലായിരുന്നെന്നും ഇതുകൊണ്ടാണ് കെട്ടിക്കിടന്ന ഭക്‍ഷ്യധാന്യം കര്‍ശന വ്യവസ്ഥകള്‍ക്ക് വിധേയമായി മില്ലുകള്‍ക്ക് വിറ്റതെന്നുമായിരുന്നു സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന്‍റെ മറുപടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :