ധനമന്ത്രി തോമസ് ഐസക്ക് വെള്ളിയാഴ്ച നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിനെക്കുറിച്ച് രാഷ്ട്രീയ നേതാക്കളില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ബജറ്റില്‍ സാമ്പത്തിക മന്ദ്യം നേരിടാനുള്ള ഒരുക്കമില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.
ബജറ്റിന്‍റെ വിശ്വാസ്യത പോലും നഷ്‌ടപ്പെടുത്തുന്നതാണ് ധനമന്ത്രി ഇന്ന് അവതരിപ്പിച്ച ബജറ്റ്. ഇത് തെരഞ്ഞെടുപ്പ് പ്രസംഗം മാത്രമാണെന്നും തിരുവനന്തപുരത്ത് ബജറ്റിനെക്കുറിച്ച് പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു.
ബജറ്റ് യാഥാര്‍ത്ഥ്യബോധമില്ലാത്തതാണെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല തൃശൂരില്‍ കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിന്‍റെ ഈ ബജറ്റ് തെരഞ്ഞെടുപ്പ് സ്‌റ്റണ്ട് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റ് നിയമസഭയെ മിസ്‌ലീഡ് ചെയ്തിരിക്കുകയാണെന്ന് കെ എം മാണി പത്രസമ്മേളനത്തില്‍ ആരോപിച്ചു. ബജറ്റില്‍ റബ്ബര്‍ മേഖലയെ പൂര്‍ണമായി അവഗണിച്ചിരിക്കുകയാണ്. ബജറ്റ് കണക്കു കൊണ്ടുള്ള ഒരു കളി മാത്രമാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി പദ്ധതിക്ക് 100 കോടിയാണ് അനുവദിച്ചത്. ഇത് കെ എഫ് സിയില്‍ നിന്ന് വായ്പ വാങ്ങാമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതിലൂടെ സര്‍ക്കാര്‍ പ്രവാസി മലയാളികളെ കളിയാക്കിയിരിക്കുകയാണ്. മീനച്ചില്‍ നദീതട പദ്ധതിക്ക് ഒന്നും മാറ്റിവച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ബജറ്റ് ഭാവനാസൃഷ്ടിയാണെന്ന് സി എം പി നേതാവ് സി പി ജോണ്‍ അഭിപ്രായപ്പെട്ടു.
ബജറ്റ് വെറും പ്രകടനപത്രികയാണെന്ന് ബി ജെ പി കുറ്റപ്പെടുത്തി. അതേസമയം, ബജറ്റ് ദുര്‍ബല ജനവിഭാഗങ്ങളെ സഹായിക്കുന്നതാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.