കോഴിക്കോട് മാലിന്യ ടാങ്കിനുള്ളില്‍ കുടുങ്ങി തൊഴിലാളി മരിച്ചു; ഒരാളുടെ നില ഗുരുതരം
കോഴിക്കോട്: കോഴിക്കോട് മുട്ടോളിയില്‍ നിര്‍മ്മാണത്തിലിരുന്ന മാലിന്യ ടാങ്കിനുള്ളില്‍ കുടുങ്ങി നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം. സിരാജ് എന്നയാളാണ് മരിച്ചത്. ഇദ്ദേഹത്തെ രക്ഷിക്കാന്‍ ടാങ്കിനുള്ളിലേക്ക് ഇറങ്ങിയ മറ്റൊരാളെ ജീവനോടെ പുറത്തെടുത്തെങ്കിലും അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് വിവരം.
ഏകദേശം എട്ട് അടി നീളവും വ്യാസവുമുള്ള ഒരു മാലിന്യ ടാങ്കിലാണ് സംഭവം നടന്നത്. രണ്ട് അടി മാത്രം വീതിയുള്ള ഇടുങ്ങിയ ഒരു ദ്വാരത്തിലൂടെയായിരുന്നു ടാങ്കിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നത്. ടാങ്കിനുള്ളില്‍ അവശേഷിച്ചിരുന്ന നിര്‍മ്മാണ സാമഗ്രികള്‍ എടുക്കാനാണ് സിരാജ് അതിനുള്ളിലേക്ക് ഇറങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ടാങ്കിനുള്ളില്‍ വെച്ച് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹം അവിടെ കുടുങ്ങിപ്പോവുകയായിരുന്നു. സിരാജ് അപകടാവസ്ഥയിലാണെന്ന് കണ്ടതോടെ സമീപത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വിശ്വനാഥന്‍ അദ്ദേഹത്തെ രക്ഷിക്കാനായി ടാങ്കിലേക്ക് ഇറങ്ങി.
എന്നാല്‍ അദ്ദേഹവും ടാങ്കിനുള്ളില്‍ കുടുങ്ങിപ്പോയി. ഏകദേശം 30 മിനിറ്റിനുശേഷം രക്ഷാപ്രവര്‍ത്തകര്‍ ഇരുവരെയു പുറത്തെടുത്തു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും സിറാജിന്റെ ജീവന്‍ രക്ഷിക്കാനായില്ല. വിശ്വനാഥന്റെ നില ഗുരുതരമായി തുടരുന്നു.