ചികിത്സയിലിരിക്കെ രോഗി മരിച്ചു; മരുന്ന് മാറിനൽകിയെന്ന് ആരോപണം
നാദാപുരം സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇയാൾക്കു മരുന്ന് മാറി നൽകിയതായി കുടുംബം ആരോപിക്കുന്നത്
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കാൻസർ രോഗി മരിച്ച സംഭവം വിവാദത്തിൽ. മരുന്ന് മാറി നൽകിയതാണ് മരണത്തിനു കാരണമെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. ചന്ദ്രൻ എന്നയാളാണ് മരിച്ചത്.
നാദാപുരം സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇയാൾക്കു മരുന്ന് മാറി നൽകിയതായി കുടുംബം ആരോപിക്കുന്നത്. കഴിഞ്ഞ മാസം 23 നാണ് ചന്ദ്രനെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൊട്ടടുത്ത ബെഡിൽ ഉണ്ടായിരുന്ന രോഗിയുടെ പേരും ചന്ദ്രൻ എന്നായിരുന്നു. ഈ രോഗിക്കു നൽകേണ്ടിയിരുന്ന ഉറക്ക ഗുളിക കാൻസർ ബാധിതനായ ചന്ദ്രൻ എന്നയാൾക്കു മാറി നൽകുകയായിരുന്നു. ഉടനെ ഇയാൾ ബോധരഹിതനായി.
അതിനുശേഷം ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ആശുപത്രി അധികൃതർ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.