സതീശൻ എതിർത്ത വയനാട് തുരങ്കപാത നിർമാണം ഇന്നുമുതൽ
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എതിർത്ത പദ്ധതിയാണ് ഇപ്പോൾ യാഥാർഥ്യത്തിലേക്കു അടുക്കുന്നത്
VD Satheesan
വയനാടിന്റെ സ്വപ്‌നപദ്ധതിയായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത നിർമാണത്തിന്റെ സുപ്രധാന ചുവടുവയ്പ്പായ പാറ തുരക്കൽ ഇന്നുമുതൽ. പകൽ 11 നു ആനക്കാംപൊയിൽ മറിപ്പുഴയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്യും. മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷനാകും. സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാൽ നിയന്ത്രിത രീതിയിലാണ് ചടങ്ങ്.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എതിർത്ത പദ്ധതിയാണ് ഇപ്പോൾ യാഥാർഥ്യത്തിലേക്കു അടുക്കുന്നത്. വികസന പദ്ധതികളെ എതിർക്കുമെന്ന യുഡിഎഫ് പ്രഖ്യാപിത നിലപാടിനു ഏൽക്കുന്ന പ്രഹരം കൂടിയാണിത്.
ഓസ്‌ട്രേലിയൻ സാങ്കേതിക വിദ്യയിൽ കട്ട് ആൻഡ് കവർ രീതിയിലാണ് പാറ തുരക്കുക. റോക്ക് ഡ്രിൽ ബൂമറുകൾ ഉപയോഗിച്ചാണ് തുരങ്കനിർമാണം. കിഫ്ബിയിൽ 2,043 കോടി രൂപ ചെലവിലാണ് പാതയുടെ നിർമാണം. കൊങ്കൺ റെയിൽ കോർപറേഷനാണ് നിർവഹണ ഏജൻസി. ഓഗസ്റ്റ് 31 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ തുരങ്കപാതയുടെ നിർമാണം ഉദ്ഘാടനം ചെയ്തത്.
