സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 4 മാര്‍ച്ച് 2026 (20:43 IST)
തൃശൂര്‍: വ്യക്തിപരമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് വീട്ടിലെത്തി പുരോഹിതനുമായി സൗഹൃദം സ്ഥാപിച്ച ശേഷം 12 പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ 26 കാരി അറസ്റ്റില്‍. കൊടകര പാറേക്കാട്ടുകര സ്വദേശിയായ സൂര്യയാണ് അറസ്റ്റിലായത്. മൂലംകുടം സ്വദേശിയും പുരോഹിതനുമായ അജേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഫെബ്രുവരി 16 നാണ് സംഭവം തന്നത്. പൂജകള്‍ക്കായി സൂര്യ അജേഷിന്റെ വീട്ടില്‍ പതിവായി എത്താറുണ്ടെന്ന് പോലീസ് പറഞ്ഞു.
അത്തരമൊരു സന്ദര്‍ശനത്തിനിടെ പുരോഹിതന്‍ അടുക്കളയിലേക്ക് പോയ സമയം അലമാരയില്‍ സൂക്ഷിച്ചിരുന്ന 12 പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് മോഷ്ടിച്ചത്. മോഷ്ടിച്ച സ്വര്‍ണ്ണം പിന്നീട് കൊടകരയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ പ്രതി വിറ്റു. മോഷ്ടിച്ച സ്വര്‍ണ് വിറ്റ പണം ഉപയോഗിച്ച് പ്രതി പുതിയ സ്വര്‍ണ്ണാഭരണങ്ങളും വീട്ടുപകരണങ്ങളും വാങ്ങി. മോഷ്ടിച്ച പണം ഉപയോഗിച്ച് പണയം വച്ചിരുന്ന സ്വന്തം ആഭരണങ്ങളും അവര്‍ വീണ്ടെടുത്തു. അറസ്റ്റ് ചെയ്യപ്പെടുന്ന സമയത്ത് സൂര്യ മോഷ്ടിച്ച ആഭരണങ്ങളില്‍ ചിലത് ധരിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്.
കേസില്‍ പ്രാഥമിക സൂചനകളോ തെളിവുകളോ ഇല്ലാത്തതിനാല്‍ ശാസ്ത്രീയ അന്വേഷണ രീതികളിലൂടെയാണ് പോലീസ് അവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. കൊടകര പോലീസ് ഇന്‍സ്‌പെക്ടര്‍ ജെര്‍ലിന്‍ വി. സ്‌കറിയയുടെ നേതൃത്വത്തിലുള്ള സംഘവും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് അറസ്റ്റ് നടത്തിയത്.