ട്യൂഷന്‍ അധ്യാപകന്‍ പീഡിപ്പിച്ച വിവരം 11 വര്‍ഷത്തിന് ശേഷം വെളിപ്പെടുത്തി; പ്രതിക്ക് 18 വര്‍ഷം കഠിന തടവ്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 4 മാര്‍ച്ച് 2026 (17:53 IST)
തിരുവനന്തപുരം:ട്യൂഷന്‍ അദ്ധ്യാപകന്‍
പീഡിപ്പിച്ചത് പതിനൊന്ന് വര്‍ഷത്തിന് ശേഷം അതിജീവിത വെളിപ്പെടുത്തിയ കേസില്‍ പ്രതിയായ മെഡിക്കല്‍ കോളേജ് സ്വദേശി സുബാഷ്‌കുമാര്‍ (57) നെ പതിനെട്ട് വര്‍ഷം
കഠിനതടവിനും 35000 രൂപ പിഴയ്ക്കും
തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ള ശിക്ഷിച്ചു. പിഴ ഒടുക്കാത്ത പക്ഷം മൂന്നര വര്‍ഷം കൂടുതല്‍ ശിക്ഷ ആയി അനുഭവിക്കണം. അഞ്ചും ആറും ക്ലാസ്സില്‍ പഠിക്കുമ്പോള്‍ നടന്ന പീഡനം എംബിബിഎസ് വിദ്യാര്‍ത്ഥിനിയായിരിക്കെയാണ് പുറത്ത് പറയുന്നത്.

2013 ല്‍ പെണ്‍കുട്ടി അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ട്യൂഷന്‍ അദ്ധ്യാപകന്‍ ആയിരുന്ന പ്രതി കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പിടിക്കുകയായിരുന്നു. ജനുവരി 2014 വരെ പ്രതി പലതവണകള്‍ ആയി ഇത് ആവര്‍ത്തിച്ചു. ഇതിനെ തുടര്‍ന്ന് കുട്ടി ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ട്യൂഷന്‍ പഠനം നിര്‍ത്തി. പ്രതി ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടി പുറത്ത് പറഞ്ഞില്ല. സംഭവത്തില്‍ ഭയന്ന് കുട്ടിയുടെ മനോനില തെറ്റി. പ്ലസ്ടു പഠനം ഒരു വര്‍ഷം നഷ്ടപ്പെട്ടു. പ്ലസ്ടു കഴിഞ്ഞപ്പോള്‍ പീഡന സംഭവം ഓര്‍ത്ത കുട്ടിക്ക് അമിത ഭയവും ഒറ്റപ്പെട്ടു നിക്കുന്ന സ്വഭാവവും മാനസികാവിഭ്രാന്തിയും (പാനിക് ഡിസ്ഓര്‍ഡര്‍ )കാണിച്ചു തുടങ്ങി.

ഇത് കണ്ട വീട്ടുകാര്‍ സൈക്കോളജിസ്‌റ് നെ കാണിച്ചു. കോവിഡ് സമയം ആയതിനാല്‍ ഓണ്‍ലൈന്‍ ആയാണ് ചികിത്സ നേടിയത്. ആ സമയം അമ്മ കൂടെ ഉള്ളതിനാല്‍
കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞില്ല. മരുന്നുകള്‍കഴിച്ചതിനെ തുടര്‍ന്ന് അസുഖം ഭേദം ആയിരുന്നു. കുട്ടിക്ക് എംബിബിഎസ് പഠനത്തിനായി അഡ്മിഷന്‍ കിട്ടി ഹോസ്റ്റലില്‍ താമസം തുടങ്ങി. ഈ സമയം പ്രതിക്ക് സമാനമായി രൂപ സാദൃശ്യം ഉള്ള ഒരാളെ ഹോസ്റ്റലില്‍ വച്ച് കണ്ടപ്പോള്‍ കുട്ടിക്ക് മനോവിഭ്രാന്തി ഉണ്ടായതിനെ തുടര്‍ന്ന്
കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോള്‍ ആണ് പീഡന വിവരം പറയുന്നത്. ഡോക്ടറാണ് 2024 ല്‍ പോലീസില്‍ വിവരം അറിയിച്ചത്.

പ്രോസീക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രൊസീക്യൂട്ടര്‍ അഡ്വ .ആര്‍.എസ് വിജയ് മോഹന്‍,അഡ്വ .സുരഭി.പി എന്നിവര്‍ ഹാജരായി. സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ നിയാസ്. പി, മെഡിക്കല്‍ കോളേജ് സബ് ഇന്‍സ്പെക്ടര്‍ വിഷ്ണു പി എല്‍ എന്നിവര്‍ ആണ് കേസ് അന്വേഷിച്ചത്. പിഴ തുകയും ഡി എല്‍ എസ് എ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും വിധിയില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :