സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം, ഗൾഫ് മേഖലയിൽ ഈ ആഴ്ച പരീക്ഷ ഇല്ല
തിരുവനന്തപുരം: കേരളത്തില്‍ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി (VHSE) പരീക്ഷകള്‍ക്ക് ഇന്ന് (മാര്‍ച്ച് 5) തുടക്കമായി. 13 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഈ പൊതുപരീക്ഷകള്‍ എഴുതുന്നത്. സംസ്ഥാനത്ത് 3,031 പരീക്ഷാ കേന്ദ്രങ്ങള്‍ പൂര്‍ണ സജ്ജമായി.
പരീക്ഷ ഷെഡ്യൂള്‍
ഇന്ന് (മാര്‍ച്ച് 5) എസ്എസ്എല്‍സി പരീക്ഷ രാവിലെ 9.30 മുതല്‍ ആരംഭിക്കും. ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി (പ്ലസ് വണ്‍) പരീക്ഷ ഉച്ചകഴിഞ്ഞ് നടക്കും. രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി (പ്ലസ് ടു) വിദ്യാര്‍ഥികള്‍ക്ക് മറ്റന്നാള്‍ (മാര്‍ച്ച് 7) മുതലാണ് പരീക്ഷ ആരംഭിക്കുക. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 30-ന് അവസാനിക്കും. ഹയര്‍സെക്കന്‍ഡറി, VHSE പരീക്ഷകള്‍ മാര്‍ച്ച് 28-ന് സമാപിക്കും.
ഗള്‍ഫ് മേഖലയില്‍ പരീക്ഷ മാറ്റിവെച്ചു
യുദ്ധ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയില്‍ ഈ ആഴ്ച പൊതു പരീക്ഷകള്‍ നടക്കില്ല. വ്യാഴാഴ്ചത്തെ എസ്എസ്എല്‍സി പരീക്ഷയും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ ഹയര്‍സെക്കന്‍ഡറി പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. ഈ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകം തീയതി നിശ്ചയിച്ച് പരീക്ഷ നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.