Lok Sabha Election 2024: മത്സരിക്കാനില്ലെന്ന് പ്രതാപന്‍, തൃശൂരില്‍ വി.ടി.ബല്‍റാമിന് സാധ്യത; ത്രികോണ മത്സരത്തിനായി സുരേഷ് ഗോപിയും സുനില്‍ കുമാറും

സിറ്റിങ് എംപിയായ ടി.എന്‍.പ്രതാപന്‍ ഇത്തവണ ലോക്‌സഭയിലേക്ക് മത്സരിക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പ്രതാപന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്

രേണുക വേണു| Last Modified തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2023 (09:37 IST)

Lok Sabha Election 2024: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ത്രികോണ മത്സരം നടക്കാന്‍ സാധ്യതയുള്ള മണ്ഡലമാണ് തൃശൂര്‍. ബിജെപി തങ്ങളുടെ എ ക്ലാസ് മണ്ഡലങ്ങളിലാണ് തൃശൂരിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നടന്‍ സുരേഷ് ഗോപിയാണ് തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥിയാകുക. കഴിഞ്ഞ തവണ മൂന്ന് ലക്ഷത്തിനടുത്ത് വോട്ടുകളാണ് തൃശൂരില്‍ നിന്ന് സുരേഷ് ഗോപിക്ക് ലഭിച്ചത്. ഇത്തവണ അതില്‍ കൂടുതല്‍ വോട്ടുകള്‍ പിടിക്കാന്‍ കഴിയുമെന്നാണ് ബിജെപി വിലയിരുത്തല്‍.

സിറ്റിങ് എംപിയായ ടി.എന്‍.പ്രതാപന്‍ ഇത്തവണ ലോക്‌സഭയിലേക്ക് മത്സരിക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പ്രതാപന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പാര്‍ട്ടി ആവശ്യപ്പെട്ടാലും മത്സരിക്കാനില്ലെന്ന നിലപാടിലാണ് പ്രതാപന്‍. വി.ടി.ബല്‍റാമിനെയാണ് കോണ്‍ഗ്രസ് തൃശൂരില്‍ പരിഗണിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃത്താലയില്‍ പരാജയപ്പെട്ട ബല്‍റാമിന് യുവ വോട്ടര്‍മാര്‍ക്കിടയില്‍ നല്ല സ്വാധീനമുണ്ട്. അതേസമയം തൃശൂരിലെ കോണ്‍ഗ്രസിന് ജില്ലയില്‍ നിന്ന് തന്നെ ഒരു സ്ഥാനാര്‍ഥി മതി എന്ന നിലപാടുണ്ട്.

വി.എസ്.സുനില്‍കുമാറിനെയാണ് സിപിഐ തൃശൂരില്‍ സ്ഥാനാര്‍ഥിയാക്കുക. ബിജെപി സ്ഥാനാര്‍ഥിയായി സുരേഷ് ഗോപി എത്തുമ്പോള്‍ ശക്തമായ ത്രികോണ മത്സരത്തിനു സാധ്യതയുണ്ടെന്നും അതിനാല്‍ ശക്തനായ സ്ഥാനാര്‍ഥിയെ തന്നെ ഇറക്കണമെന്നുമാണ് ഇടതുപക്ഷത്തിന്റെ തീരുമാനം. തൃശൂര്‍ക്കാരനായ സുനില്‍കുമാറിന് പാര്‍ട്ടി വോട്ടുകള്‍ക്ക് പുറമേ നിഷ്പക്ഷ വോട്ടുകള്‍ വാങ്ങാനുള്ള രാഷ്ട്രീയ സ്വീകാര്യത കൂടിയുണ്ട്. സുനില്‍കുമാറിനുള്ള സ്വീകാര്യതയിലാണ് ഇടതുപക്ഷത്തിന്റെ കണ്ണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :