കഞ്ചാവ് വിൽപ്പന തടഞ്ഞതിന് 30 കാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജീവപര്യന്തം
എ കെ ജെ അയ്യര്‍|
Last Modified ശനി, 13 ജനുവരി 2024 (18:53 IST)
തിരുവനന്തപുരം: കഞ്ചാവ് വിൽപ്പന തടഞ്ഞതിന് മുപ്പതുകാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മൂന്നു പ്രതികളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കരിമഠം കോളനി സ്വദേശി വാള് നാസർ എന്നറിയപ്പെട്ടിരുന്ന നാസറിനെ (30) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ആറാം അഡീഷണൽ സെഷൻസ് ജഡ്ജി കെ.വിഷ്ണുവാണ് ശിക്ഷ വിധിച്ചത്.
2006 സെപ്തംബർ പതിനൊന്നിനായിരുന്നു കേസിനു ആസ്പദമായ സംഭവം നടന്നത്. കരിമഠം കോളനിയിലെ കാമാക്ഷി അമ്മാൻ കോവിലിനു മുന്നിൽ വച്ചായിരുന്നു പ്രതികൾ നാസറിനെ ആക്രമിച്ചു കൊലപ്പെടുത്തിയത്. നാസർ മയക്കുമരുന്ന് വിരുദ്ധ സംഘടനയായ റെസ്റ്റ് ഓഫ് ഇന്ത്യയുടെ ഭാരവാഹിയായിരുന്നു. കരിമഠം കോളനിയിലെ തന്നെയുള്ള അമ്മാനം സതി എന്ന സതി (52), നസീർ (40), തോത്ത് സെയ്ദാലി എന്ന സെയ്തലവി (50) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. തടവ് ശിക്ഷ കൂടാതെ 50000 രൂപാ വീതം പിഴയും വിധിച്ചു.
ജീവപര്യന്തം തടവ് ശിക്ഷ കൂടാതെ നിയമവിരുദ്ധ സംഘത്തെ ചേരൽ, നിയമ വിരുദ്ധമായി ലഹള നടത്തൽ, മാരകായുധങ്ങളുമായി ലഹള നടത്തൽ എന്നീ കുറ്റ കൃത്യങ്ങൾക്ക് മൂന്നു മാസം കൂടി അധിക തടവ് ശിക്ഷ അനുഭവിക്കണം. കേസിലെ കൂട്ട് പ്രതികളായ അയ്യപ്പൻ, ഷാജി, മനു എന്നിവർ കേസ് വിചാരണയ്ക്ക് മുമ്പ് തന്നെ മരിച്ചിരുന്നു.