1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thrissur Pooram Traffic Regulations

Thrissur Pooram Traffic Regulations: രാവിലെ അഞ്ച് മുതല്‍ റൗണ്ടിലേക്കു വാഹനങ്ങള്‍ അനുവദിക്കില്ല; തൃശൂര്‍ പൂരം ഗതാഗത നിയന്ത്രണം ഇങ്ങനെ

Thrissur Pooram Traffic Regulations: സ്വകാര്യവാഹനങ്ങള്‍ക്ക് റൗണ്ടിന്റെ ഔട്ടര്‍ റിങ്ങ് വരെ മാത്രമേ പ്രവേശനാനുമതിയുള്ളു

Thrissur Pooram Traffic Regulations
Thrissur Pooram Traffic Regulations: തൃശൂര്‍ പൂരം (Thrissur Pooram) നടക്കുന്നതിന്റെ ഭാഗമായി തൃശൂര്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും മേയ് ആറിന് (നാളെ) രാവിലെ ആറു മുതല്‍ മേയ് ഏഴിന് പകല്‍പൂരം കഴിയുന്നത് വരെ ഗതാഗത നിയന്ത്രണം (Thrissur Pooram Traffic Regulations) ഏര്‍പ്പെടുത്തും. സ്വരാജ് റൗണ്ടില്‍ മേയ് ആറിന് രാവിലെ അഞ്ചു മുതല്‍ പൂരം അവസാനിക്കുന്നത് വരെ യാതൊരുവിധ വാഹനങ്ങളും പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതല്ല. 
 
സ്വകാര്യവാഹനങ്ങള്‍ക്ക് റൗണ്ടിന്റെ ഔട്ടര്‍ റിങ്ങ് വരെ മാത്രമേ പ്രവേശനാനുമതിയുള്ളു. നഗരത്തിനുള്ളിലെ തദ്ദേശവാസികളുടെ വാഹനങ്ങള്‍ക്ക് അനുമതിലഭിക്കുന്നതിനായി വാഹനത്തിന്റെ നമ്പരും തിരിച്ചറിയല്‍ രേഖയും കരുതേണ്ടതാണ്. 
 
പൂരം ദിവസമായ മേയ് ആറിന് രാവിലെ ആറു മുതല്‍ സ്വകാര്യ വാഹനങ്ങളുടേയും സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളുടേയും ഗതാഗത നിയന്ത്രണം താഴെ പറയുന്നു.
 
ഒറ്റപ്പാലം, ഷൊര്‍ണൂര്‍, മെഡിക്കല്‍ കോളേജ്, ചേലക്കര, പഴയന്നൂര്‍, ചേറൂര്‍, വരടിയം, മുണ്ടൂര്‍ ഭാഗത്തുനിന്ന് വരുന്ന ബസ്സുകള്‍ പെരിങ്ങാവ്, അശ്വിനി വഴി വടക്കേ സ്റ്റാന്റില്‍ സര്‍വ്വീസ് അവസാനിപ്പിച്ച് അതേ റൂട്ടില്‍ തന്നെ തിരികെ സര്‍വ്വീസ് നടത്തേണ്ടതും, കുന്നംകുളം, ഗുരുവായൂര്‍, കോഴിക്കോട്, ചാവക്കാട്, പാങ്ങ്, പാവറട്ടി ഭാഗത്തുനിന്ന് വരുന്ന ബസ്സുകള്‍ പൂങ്കുന്നത്തു നിന്നും പാട്ടുരായ്ക്കല്‍ വഴി വടക്കേ സ്റ്റാന്റില്‍ സര്‍വ്വീസ് അവസാനിപ്പിച്ച് വീണ്ടും തിരിച്ച് വടക്കേ സ്റ്റാന്റില്‍ നിന്നും പുറപ്പെട്ട് പാട്ടുരായ്ക്കല്‍ പൂങ്കുന്നം വഴി പൂങ്കുന്നത്തു നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പടിഞ്ഞാറെ കോട്ട, അയ്യന്തോള്‍ വഴി സര്‍വ്വീസ് നടത്തേണ്ടതാണ്. 
 
അമ്മാടം, കോടന്നൂര്‍, ആമ്പല്ലൂര്‍, കല്ലൂര്‍, ആനക്കല്ല്, പൊന്നൂക്കര, മണ്ണുത്തി, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, കൊടകര, നെടുപുഴ, കൂര്‍ക്കഞ്ചേരി ഭാഗത്തേക്കുള്ള ബസ്സുകള്‍ ബാല്യ ജംഗ്ഷന്‍ വഴി ശക്തന്‍ സ്റ്റാന്‍ഡില്‍ എത്തി സര്‍വ്വീസ് അവസാനിപ്പിച്ച് തിരികെ ശക്തന്‍ സ്റ്റാന്റില്‍ നിന്ന് തന്നെ സര്‍വ്വീസ് നടത്തേണ്ടതാണ്.
 
കാഞ്ഞാണി, അരണാട്ടുകര, അന്തിക്കാട്, മനക്കൊടി, ഒളരി എന്നീ ഭാഗങ്ങളില്‍ നിന്ന് വരുന്ന ബസ്സുകള്‍ പടിഞ്ഞാറെ കോട്ടയില്‍ സര്‍വ്വീസ് അവസാനിപ്പിച്ച്, വെസ്റ്റ് പൊലീസ് സ്റ്റേഷന്റെ സമീപത്തുള്ള കുന്നത്ത് ടെക്സ്റ്റൈല്‍സ് പാര്‍ക്കിങ് ഗ്രൗണ്ടിലേക്ക് പോയി അവിടെ നിന്നും തിരികെ പുറപ്പെടേണ്ട സമയത്ത് വെസ്റ്റ് ഫോര്‍ട്ടിലെത്തി വീണ്ടും സര്‍വ്വീസ് ആരംഭിക്കേണ്ടതാണ്.
 
പൂരം ദിവസം നഗരത്തിനു പുറത്തുള്ള ഭാഗങ്ങളില്‍ ബസുകളുടെ സുഗമമായ ഗതാഗതം സാധ്യമാക്കുന്നതിനായി, നിലവിലുള്ള ശക്തന്‍ തമ്പുരാന്‍ ബസ് സ്റ്റാന്റിനും നോര്‍ത്ത് ബസ് സ്റ്റാന്റിനും പുറമേ, വെസ്റ്റ് ഫോര്‍ട്ട് ജംഗ്ഷനില്‍ ഒരു താല്‍ക്കാലിക ബസ് സ്റ്റാന്റ് ഉണ്ടായിരിക്കും. കാഞ്ഞാണി റോഡില്‍ നിന്ന് വരുന്ന ബസുകള്‍, സിവില്‍ ലെയ്ന്‍ റോഡില്‍ നിന്നും അരണാട്ടുകര റോഡില്‍ നിന്നും വരുന്ന ബസ്സുകള്‍ എന്നിവ ഗതാഗത സാഹചര്യത്തിനനുസരിച്ചുള്ള ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം മാത്രം ഈ താല്‍ക്കാലിക ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തേണ്ടതാണ്.
 
ഒല്ലൂര്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ മുണ്ടുപാലം ജംഗ്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് എസ്‌കെടി സൗത്ത് റിങ്ങ് വഴി തിരിച്ചു വിട്ട് പ്രസ്തുത റോഡ് വണ്‍വേ ആക്കുന്നതായിരിക്കും. 
 
എസ്‌കെടി ബസ് സ്റ്റാന്റിന് സമീപത്തുള്ള പാര്‍ക്കിങ്ങ് ഗ്രൗണ്ട് പൂരം ദിവസങ്ങളില്‍ പ്രൈവറ്റ് ബസ്സുകള്‍ക്ക് മാത്രമായിരിക്കും. അക്വാട്ടിക് കോംപ്ലക്സിന്റെ സമീപത്തുള്ള പാര്‍ക്കിങ്ങ് ഗ്രൗണ്ട് പൂരം ദിവസങ്ങളില്‍ പ്രൈവറ്റ് ബസ്സുകള്‍ക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്.
 
കെ.എസ്.ആര്‍.ടി.സി ബസുകളുടെ ഗതാഗത ക്രമീകരണങ്ങള്‍
 
കിഴക്ക് ഭാഗത്തുനിന്ന് വരുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ കിഴക്കേ കോട്ടയില്‍ തിരിഞ്ഞ് ഇക്കണ്ട വാരിയര്‍ റോഡ്, ശക്തന്‍ തമ്പുരാന്‍ ബസ് സ്റ്റാന്‍ഡ് വഴി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ എത്തണം. 
 
തെക്ക് ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ മുണ്ടുപാലത്ത് തിരിഞ്ഞ് ശക്തന്‍ തമ്പുരാന്‍ ബസ് സ്റ്റാന്‍ഡ്, കൊക്കാലൈ, റെയില്‍വേ സ്റ്റേഷന്‍ റോഡ് വഴി കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലേക്ക് പോകേണ്ടതാണ്. ഈ ബസുകള്‍ തിരികെ മാതൃഭൂമി ജംഗ്ഷന്‍ വഴി ശക്തന്‍ തമ്പുരാന്‍ ബസ് സ്റ്റാന്‍ഡ്, ഇക്കണ്ട വാരിയര്‍ റോഡ് ജംഗ്ഷന്‍ വഴി പുതിയ റോഡിലൂടെ വലതുഭാഗത്തേക്ക് ഒല്ലൂര്‍, പാലിയേക്കര ജംഗ്ഷന്‍ എന്നിവിടങ്ങളിലേക്ക് തിരിയേണ്ടതാണ്. പടിഞ്ഞാറ് ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍ ശങ്കരയ്യര്‍ റോഡ് ദിവാന്‍ജിമൂല വഴി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തി അതേ വഴിയിലൂടെ തന്നെ തിരികെ പോകേണ്ടതാണ്.
 
ഗതാഗത സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ഈ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് സുരക്ഷിതമായ ഗതാഗതം ഒരുക്കാന്‍ എല്ലാ ബസ് ജീവനക്കാരും ശ്രദ്ധിക്കേണ്ടതാണ്.
About Writer
രേണുക വേണു
അടുത്ത ലേഖനം
പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ ഏല്‍പ്പിച്ചത് മറന്നു പോയി; നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാള്‍ടിക്കറ്റ് നിര്‍മ്മിച്ച അക്ഷയ സെന്റര്‍ ജീവനക്കാരി കസ്റ്റഡിയില്‍