ഇത്തവണ അബദ്ധം പറ്റില്ല, കേന്ദ്രം അനുവദിച്ച കൽക്കരി ഉപയോഗിക്കും?, പ്രതിദിനം ലഭ്യമാകുക 500 മെഗാവാട്ട്, ടെൻഡർ ക്ഷണിച്ച് കെഎസ്ഇബി
നിലവില്‍ കേരളം നേരിടുന്ന വൈദ്യുതി ക്ഷാമത്തിന് വലിയ ആശ്വാസമാകും ഈ തീരുമാനം.
കേന്ദ്രസര്‍ക്കാര്‍ 2 വര്‍ഷം മുന്‍പ് അനുവദിച്ച കല്‍ക്കരി വിഹിതത്തില്‍ തൊടാനുള്ള തീരുമാനവുമായി കേരളം. താപവൈദ്യുത നിലയങ്ങളില്‍ നിന്ന് 25 വര്‍ഷത്തേക്ക് പ്രതിദിനം 500 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാനുള്ള ടെന്‍ഡര്‍ വൈദ്യുതിബോര്‍ഡ് ക്ഷണിച്ചു. കോള്‍ ഇന്ത്യ ലിമിറ്റഡില്‍ നിന്നാണ് കല്‍ക്കരി ലഭ്യമാവുക. നിലവില്‍ കേരളം നേരിടുന്ന വൈദ്യുതി ക്ഷാമത്തിന് വലിയ ആശ്വാസമാകും ഈ തീരുമാനം.
നേരത്തെ 2024 ഓഗസ്റ്റില്‍ കേന്ദ്രസര്‍ക്കാരിന്റെ ശക്തി പദ്ധതിയില്‍ കേരളത്തിന് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ കല്‍ക്കരി അനുവദിച്ചിരുന്നു. എന്നാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കാതെ 2 വര്‍ഷം ഇത് കേരളം പാഴാക്കുകയായിരുന്നു. നേരത്തെ 2007ല്‍ ഒഡീഷയില്‍ നിന്നും കേരളത്തിന് കല്‍ക്കരിപാടം കേന്ദ്രം അനുവദിച്ചിരുന്നു. എന്നാല്‍ 7 വര്‍ഷമായിട്ടും കേരളം പദ്ധതി ഉപയോഗിക്കാതെ വന്നതോടെ ഇത് 2014ല്‍ കേന്ദ്രം തിരിച്ചെടുത്തിരുന്നു. സമാനമായി നിലവിലെ പദ്ധതിയും റദ്ദായി പോകുമോ എന്ന ആശങ്കയെ തുടര്‍ന്നാണ് ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത്.
2027 ജൂണ്‍ മുതല്‍ 25 വര്‍ഷത്തേക്ക് വൈദ്യുതി ലഭ്യമാക്കാനാണ് കമ്പനികളോട് ടെന്‍ഡറില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കോള്‍ ഇന്ത്യയില്‍ നിന്നും കേരളത്തിന് അര്‍ഹമായ കല്‍ക്കരിയാണ് കമ്പനികള്‍ക്ക് നല്‍കുക. അതിനാല്‍ തന്നെ പരമാവധി വിലക്കുറവില്‍ വൈദ്യുതി ലഭിക്കുമോ എന്നാണ് കേരളം പരിശോധിച്ചുവരുന്നത്. അതേസമയം നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി കല്‍ക്കരിയില്‍ പ്രവര്‍ത്തിക്കുന്ന താപനിലയം തുടങ്ങിക്കൂടെ എന്ന കേന്ദ്ര ഊര്‍ജമന്ത്രാലയത്തിന്റെ നിര്‍ദേശത്തോട് കേരളം ഇതുവരെയും പ്രതികരിച്ചിട്ടില്ല.ALSO READ: ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ
