രേണുക വേണു|
Last Updated:
ബുധന്‍, 21 ജനുവരി 2026 (09:46 IST)
നിയമസഭാ തിരഞ്ഞെടുപ്പില്‍ തീപാറുന്ന മത്സരം നടക്കാന്‍ സാധ്യതയുള്ള തൃശൂര്‍ ജില്ലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം അന്തിമ ഘട്ടത്തിലേക്ക്. ത്രികോണ പോരിനു സാധ്യതയുള്ള തൃശൂര്‍ മണ്ഡലത്തില്‍ വി.എസ്.സുനില്‍ കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. പാര്‍ട്ടി ആവശ്യപ്രകാരമാണ് സുനില്‍ കുമാര്‍ വീണ്ടും മത്സരിക്കുന്നത്.
സിപിഐയുടെ സീറ്റാണ് തൃശൂര്‍. ഈ സീറ്റ് സിപിഎമ്മുമായി വെച്ചുമാറിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ സുനില്‍ കുമാറിനെ പോലൊരു ജനകീയ നേതാവ് മത്സരിച്ചാല്‍ ജയം ഉറപ്പെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍. നേരത്തെ തൃശൂര്‍ എംഎല്‍എ എന്ന നിലയില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉള്ളയാളാണ് സുനില്‍ കുമാര്‍.
തൃശൂരിലെ മണലൂരില്‍ മുന്‍ മന്ത്രിയും ജനകീയ നേതാവുമായ പ്രൊഫ.സി.രവീന്ദ്രനാഥ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. നിലവിലെ എംഎല്‍എ മുരളി പെരുനെല്ലിയുടെ രണ്ട് ടേം അവസാനിച്ചതിനാല്‍ അദ്ദേഹം മത്സരിക്കില്ല. മന്ത്രി, എംഎല്‍എ എന്ന നിലകളില്‍ മികച്ച നേതൃശേഷിയുള്ള ആളാണ് രവീന്ദ്രനാഥ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്തിരുന്നു. യുഡിഎഫ് ഭരണകാലത്ത് അടച്ചുപൂട്ടേണ്ടിവന്ന പൊതുവിദ്യാലയങ്ങളെ വീണ്ടും ജനകീയമാക്കിയതില്‍ മുഖ്യപങ്ക് വഹിച്ചിരുന്നു. എല്‍ഡിഎഫിനു തുടര്‍ച്ചയുണ്ടാകുമെന്ന് കോണ്‍ഗ്രസ് പോലും വിലയിരുത്തുന്ന മണ്ഡലമാണ് മണലൂര്‍.