രേണുക വേണു|
Last Modified ചൊവ്വ, 13 ജനുവരി 2026 (14:46 IST)
മൂന്ന് പതിറ്റാണ്ടോളം നീണ്ട സിപിഐഎമ്മിനൊപ്പമുള്ള പ്രവർത്തനമവസാനിപ്പിച്ച് ഐഷ പോറ്റി കോൺഗ്രസിലേക്ക്. തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതിൽ കേന്ദ്ര സർക്കാരിനെതിരെ നടത്തുന്ന കോൺഗ്രസിന്റെ പ്രതിഷേധ വേദിയിൽ വെച്ചാണ് ഐഷാ പോറ്റിയുടെ കോൺഗ്രസ് പ്രവേശം. ഷാൾ അണിയിച്ചായിരുന്നു വി ഡി സതീശൻ ഐഷ പോറ്റിയെ സ്വാഗതം ചെയ്തത്. കെ സി വേണുഗോപാലിന്റെയും സണ്ണി ജോസഫിൻറെയും രമേശ് ചെന്നിത്തലയുടെയും സാന്നിധ്യത്തിലായരുന്നു ഐഷ പോറ്റിയുടെ പാർട്ടി പ്രവേശനം.
മൂന്ന് തവണ എംഎൽഎയായി മത്സരിച്ച് വിജയിച്ച കൊട്ടാരക്കരയിൽ നിന്ന് തന്നെയായിരുന്നു ഐഷ പോറ്റിയുടെ പാർട്ടി മാറ്റവും. കൊട്ടാരക്കര മണ്ഡലത്തിൽ വലിയ സ്വാധീനമുള്ള ഐഷ പോറ്റിയെ ഇക്കുറി സ്ഥാനാർത്ഥിയാക്കാനും യുഡിഎഫിന് നഷ്ടപ്പെട്ട കൊട്ടാരക്കര തിരിച്ച് പിടിക്കാനുമാണ് കോൺഗ്രസിൻ്റെ നീക്കമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഐതിഹാസികമായ വേദിയിൽ വച്ച് മറ്റൊരു വിസ്മയം നടന്നു എന്നായിരുന്നു ഐഷ പോറ്റിയുടെ കോൺഗ്രസ് പ്രവേശനത്തെക്കുറിച്ച് വി ഡി സതീശന്റെ പ്രതികരണം. ഐഷ പോറ്റി സഹോദരീതുല്യയായിരുന്നുവെന്നും ആദരിച്ചിരുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു. ഐഷ പോറ്റിയെടുത്ത ഏറ്റവും നല്ല തീരുമാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭാഗമാവുക എന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം വിമർശനങ്ങളെ ഭയക്കുന്നില്ലെന്നും താൻ പ്രവർത്തിച്ചിരുന്ന കാലത്തുണ്ടായ സിപിഐഎം അല്ല ഇപ്പോഴുള്ളതെന്നുമായിരുന്നു കോൺഗ്രസ് പ്രവേശനത്തിന് പിന്നാലെ ഐഷ പോറ്റിയുടെ പ്രതികരണം. താൻ സ്ഥാനമാനങ്ങൾ മോഹിച്ചിട്ടില്ലെന്നും ഷ്ട്രീയമോ മതമോ നോക്കാതെയാണ് എല്ലാ കാലവും പ്രവർത്തിച്ചിട്ടുള്ളതെന്നും ഇനിയും അത് തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.