രേണുക വേണു|
Last Modified ശനി, 17 ജനുവരി 2026 (10:10 IST)
വി.ഡി.സതീശന്റെ 'വിസ്മയ' നീക്കങ്ങള്‍ക്കു വീണ്ടും തിരിച്ചടി. മുന്നണി വിപുലീകരിക്കാന്‍ ലക്ഷ്യമിട്ട് എല്‍ഡിഎഫില്‍ നിന്ന് സുപ്രധാന ഘടകകക്ഷികളെ യുഡിഎഫിലേക്ക് എത്തിക്കാന്‍ സതീശന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് കേരള കോണ്‍ഗ്രസ് എമ്മും ഇപ്പോള്‍ ആര്‍ജെഡിയും തങ്ങള്‍ യുഡിഎഫിലേക്കു ഇല്ലെന്ന തീരുമാനമെടുത്തിരിക്കുന്നത്.
കേരള കോണ്‍ഗ്രസ് (എം), ആര്‍ജെഡി സംസ്ഥാന നേതൃത്വങ്ങളുമായി സതീശന്‍ അനൗദ്യോഗിക ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഈ ചര്‍ച്ചകളെല്ലാം പൂര്‍ണ പരാജയമായി. എല്‍ഡിഎഫില്‍ നിന്നാലേ എന്തെങ്കിലും ഉപകാരമുള്ളൂ എന്നാണ് ആര്‍ജെഡി വിലയിരുത്തല്‍.
കൂത്തുപറമ്പ്, കല്‍പറ്റ, വടകര എന്നീ മൂന്ന് സീറ്റുകളിലാണ് ആര്‍ജെഡി മത്സരിക്കുന്നത്. ഇതേ സീറ്റുകള്‍ തന്നെ ഇത്തവണയും എല്‍ഡിഎഫ് നല്‍കും. കൂടുതല്‍ സീറ്റുകള്‍ ആര്‍ജെഡി ആവശ്യപ്പെടാനും സാധ്യതയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു ജയിക്കാനുള്ള സാഹചര്യമാണ് ഇപ്പോഴും ഉള്ളതെന്നാണ് ആര്‍ജെഡി വിലയിരുത്തല്‍.
ഭരണത്തുടര്‍ച്ചയുണ്ടായാല്‍ ഉറപ്പായും ഒരു മന്ത്രിസ്ഥാനത്തിനു സാധ്യതയുണ്ട്. മാത്രമല്ല 2021 ല്‍ മത്സരിച്ച മൂന്ന് സീറ്റുകളിലും ജയപ്രതീക്ഷയുള്ളത് എല്‍ഡിഎഫിനൊപ്പം നില്‍ക്കുമ്പോള്‍ മാത്രമാണെന്നും ആര്‍ജെഡി വിലയിരുത്തുന്നു.