അഭിറാം മനോഹർ|
Last Modified ഞായര്‍, 28 ഡിസംബര്‍ 2025 (08:46 IST)
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനത്തേക്കുള്ള ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് തീരുമാനത്തിന് പിന്നില്‍ ആര്‍.എസ്.എസ് (രാഷ്ട്രീയ സ്വയംസേവക സംഘം) ഇടപെടലെന്ന് റിപ്പോര്‍ട്ട്. ആര്‍ ശ്രീലേഖ ഐപിഎസിന് മേയര്‍ സ്ഥാനം നല്‍കണമെന്ന് വിവിധ ഭാഗങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ ഉയര്‍ന്നെങ്കിലും അവസാനം മേയര്‍ സ്ഥാനം വി വി രാജേഷിലേക്കെത്തിയത് ആര്‍എസ്എസ് നടത്തിയ നിര്‍ണായക ഇടപെടല്‍ കൊണ്ടാണെന്നാണ് റിപ്പോര്‍ട്ട്.
മേയര്‍ സ്ഥാനത്തേക്ക് ആദ്യം പരിഗണിക്കപ്പെട്ട പ്രധാന പേരുകളില്‍ മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖയും ഉള്‍പ്പെട്ടിരുന്നു. ഭരണപരിചയവും പൊതുസ്വീകാര്യതയും മുന്‍നിര്‍ത്തി ശ്രീലേഖയെ മുന്നോട്ടുവയ്ക്കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തദ്ദേശ ഭരണസംവിധാനത്തില്‍ രാഷ്ട്രീയ പരിചയമുള്ള നേതാവിനെ തന്നെ മേയര്‍ സ്ഥാനത്ത് കൊണ്ടുവരണമെന്ന ആര്‍.എസ്.എസ് നിലപാടാണ് വി വി രാജേഷിനെ തുണച്ചത്.
തിരുവനന്തപുരം പോലുള്ള രാഷ്ട്രീയമായി അതീവ പ്രാധാന്യമുള്ള തലസ്ഥാന നഗരത്തില്‍ പാര്‍ട്ടി ആദ്യമായി അധികാരം നേടുന്ന സാഹചര്യത്തില്‍, സംഘടനാപരമായ നിയന്ത്രണവും രാഷ്ട്രീയ പക്വതയും ഉള്ള നേതാവ് അനിവാര്യമാണെന്നതായിരുന്നു ആര്‍എസ്എസ് നിലപാട്. ഈ നിലപാട് ദേശീയ നേതൃത്വത്തിലേക്കും സംസ്ഥാന നേതൃത്വത്തിലേക്കും വ്യക്തമായി കൈമാറിയതോടെയാണ് തീരുമാനം രാജേഷിന് അനുകൂലമായി മാറിയത്.
ബി.ജെ.പിയുടെ സംസ്ഥാന നേതാക്കളായ കെ. സുരേന്ദ്രന്‍,വി. മുരളീധരന്‍ എന്നിവരും, പാര്‍ട്ടി പ്രവര്‍ത്തകരില്‍ ആത്മവിശ്വാസം വളര്‍ത്താനും സംഘടനയെ ഏകോപിപ്പിക്കാനും രാഷ്ട്രീയ പശ്ചാത്തലമുള്ള നേതാവ് തന്നെ വരണമെന്ന ആര്‍എസ്എസ് നിലപാടിനോട് അനുകൂല നിലപാട് സ്വീകരിച്ചതായാണ് സൂചന.
അവസാന ഘട്ടത്തില്‍, പാര്‍ട്ടി ദേശീയ നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് വി.വി. രാജേഷ് ഔദ്യോഗിക മേയര്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെടുകയും,തുടര്‍ന്ന് കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ നടന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹം മേയറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തത്.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആദ്യമായി അധികാരത്തിലേറുന്ന ബി.ജെ.പിക്ക്, വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ ഭരണപരവും രാഷ്ട്രീയവുമായ വെല്ലുവിളികള്‍ എങ്ങനെ നേരിടാനാകും എന്നതാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്.