സൗരോർജ ഉപഭോക്താക്കൾക്ക് പുതിയ നിയന്ത്രണങ്ങൾ: ലാഭം കുറയും, പ്രത്യേക ചാർജ് ചുമത്താൻ റെഗുലേറ്ററി കമ്മീഷനുകൾക്ക് അധികാരം
സോളാര്‍ ഉത്പാദകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രം. ലാഭകരമായ നെറ്റ് മീറ്ററിങ് ഉപയോഗിക്കുന്നതിന്റെ പരിധി നിയന്ത്രിക്കാനും പ്രത്യേകം ചാര്‍ജ് ചുമത്താനും സംസ്ഥാന റെഗുലേറ്ററി കമ്മീഷനുകള്‍ക്ക് അധികാരം നല്‍കുന്ന വിധം ചട്ടത്തില്‍ മാറ്റം വരുത്താനാണ് തീരുമാനം. ഇത് സംബന്ധിച്ച കരട് പുറത്തിറങ്ങി. ബാറ്ററി സ്റ്റോറേജ് സംവിധാനവും നിര്‍ബന്ധമാക്കി. ഇതിന്റെ പരിധി കമ്മീഷനുകള്‍ക്ക് തീരുമാനിക്കാം.
കേരളത്തിലെ റെഗുലേറ്ററി കമ്മീഷന്‍ പുറത്തിറക്കിയ സോളാര്‍ വൈദ്യുതി ഉത്പാദന ചട്ടങ്ങളെ പിന്തുണയ്ക്കുന്ന തരത്തിലാണ് ഭേദഗതി. ഇവ നടപ്പിലായാല്‍ സോളാര്‍ ഉത്പാദകരില്‍ പല വിഭാഗങ്ങള്‍ക്കും കിട്ടിയിരുന്ന ലാഭം കുറയും അടയ്‌ക്കേണ്ട ബില്‍ തുക ഉയരുകയും ചെയ്യും. വൈദ്യുതി സംബന്ധിച്ച പരാതി പരിഹാര സംവിധാനം ശക്തമാക്കണമെന്ന നിര്‍ദേശവും കരടിലുണ്ട്.
പുതിയ മാറ്റം പ്രകാരം പുരപ്പുറത്തല്ലാതെ പരിസരത്തുള്ള മറ്റിടങ്ങളിലും സോളാര്‍ സ്ഥാപിക്കാം.
അനുവദനീയമായ ലോഡിലും കൂടുതല്‍ ഉത്പാദനശേഷി ഇവയ്ക്കാകാം.
ഉപഭോക്താക്കളുടെ വൈദ്യുതി ബില്‍ പതിവില്‍ നിന്ന് അഞ്ചിരട്ടി കൂടിയാലും അഞ്ചിലൊന്നായി കുറഞ്ഞാലും വിതരണ കമ്പനി സ്വമേധയാ തീര്‍പ്പുണ്ടാക്കണം.
10 കിലോവാട്ടില്‍ കൂടുതലുള്ള എല്ലാവര്‍ക്കും 2028 ഏപ്രില്‍ ഒന്ന് മുതല്‍ വിവിധ സമയങ്ങളില്‍ നിരക്കുകളില്‍ മാറ്റം വരുന്ന ടിഒഡി താരിഫ് ആയിരിക്കും
സോളാര്‍ ഉത്പാദകര്‍ക്ക് നെറ്റ് മീറ്ററിങ് സംവിധാനത്തിലാണ് ബില്‍ ലഭിക്കുന്നത്. പകല്‍ ഉത്പാദിപ്പിക്കുന്ന സോളാര്‍ വൈദ്യുതിക്ക് തുല്യമായ വൈദ്യുതി രാത്രി ഗ്രിഡില്‍ നിന്നും സ്വീകരിക്കാം. കൂടുതല്‍ വരുന്ന ഉപയോഗത്തിന് മാത്രം വില നല്‍കിയാല്‍ മതി. ഇങ്ങനെ രാത്രിയില്‍ വൈദ്യുതി സ്വീകരിക്കാനും പകല്‍ കടത്തിവിടാനുമായുള്ള ഗ്രിഡുകള്‍ പ്രസരണ- വിതരണ നഷ്ടത്തിന് കാരണമാകും. ആ ചെലവ് കൂടി കണക്കിലെടുത്ത് കമ്മീഷന്‍ നിശ്ചയിക്കുന്ന പരിധിക്ക് മുകളിലുള്ള ഉപഭോഗത്തിന് പ്രത്യേക നിരക്ക് ഈടാക്കാനാണ് തീരുമാനം. 2027 ഏപ്രില്‍ ഒന്ന് മുതല്‍ ഇത് നടപ്പിലാക്കണം.
10 കിലോവാട്ടിന് മുകളില്‍ പ്ലാന്റുള്ളവര്‍ ഉത്പാദിപ്പിക്കുന്നതിന്റെ 10 ശതമാനം വൈദ്യുതി ബാറ്ററി ഉപയോഗിച്ച് ശേഖരിക്കണമെന്നാണ് കേരള കമ്മീഷന്‍ തീരുമാനിച്ചത്. ഈ പരിധിക്ക് മുകളിലുള്ളവര്‍ 20 ശതമാനം വരെ ശേഖരിക്കുന്നത് നിര്‍ബന്ധമാക്കണമെന്നാണ് കേന്ദ്രചട്ടം ആവശ്യപ്പെടുന്നത്. 2028 ഏപ്രില്‍ ഒന്നിന് ഇത് നടപ്പിലാക്കണം. കരട് നയം നിലവില്‍ സംസ്ഥാനങ്ങളുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.
