സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 24 ജനുവരി 2026 (09:56 IST)
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കടകംപള്ളി സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാന്‍ എസ്‌ഐടി. കടകംപള്ളി നല്‍കിയ ആദ്യ മൊഴി തൃപ്തികര മെല്ലെന്നാണ് എസ് ഐ ടി യുടെ വിലയിരുത്തല്‍. സ്‌പോണ്‍സര്‍ എന്ന നിലയില്‍ മാത്രമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ തനിക്കറിയുകയുള്ളൂ എന്നായിരുന്നു മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ എസ്‌ഐടിക്ക് മൊഴി നല്‍കിയത്.
ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണം പൂശല്‍ അടക്കമുള്ള തീരുമാനങ്ങളെല്ലാം ദേവസ്വം ബോര്‍ഡിന്റേതായിരുന്നുവെന്നും വകുപ്പിന് ഇതേപ്പറ്റി യാതൊരു അറിവും ഇല്ലായിരുന്നുവെന്നും കടകംപള്ളി മൊഴി നല്‍കിയിരുന്നു. എന്നാല്‍ പോറ്റിയുടെ വീട്ടില്‍ കടകംപള്ളി പോയതിന്റെ വിവരങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ ഇത് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് എസ് ഐടി. പരിശോധനയ്ക്കുശേഷം കടകംപള്ളിയെ വീണ്ടും വിളിപ്പിക്കാനാണ് എസ്‌ഐടിയുടെ തീരുമാനം.
അതേസമയം ശബരിമല സ്വര്‍ണ മോഷണ കേസില്‍ റിമാന്‍ഡിലുള്ള മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന് കോടതി ജാമ്യം അനുവദിച്ചു. വാതില്‍ പാളി, ദ്വാരപാലക കേസുകളില്‍ കര്‍ശന വ്യവസ്ഥകളോടെയാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ ഒക്ടോബര്‍ 22 ന് അറസ്റ്റിലായ മുരാരി ബാബുവിന് 90 ദിവസത്തെ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായ
ശേഷമാണ് സ്റ്റാറ്റിയൂട്ടറി ജാമ്യം ലഭിച്ചത്. സ്വര്‍ണ്ണ മോഷണ കേസില്‍ ജാമ്യത്തിലിറങ്ങിയ ആദ്യ പ്രതിയാണ് മുരാരി ബാബു. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ദ്വാരപാലക കേസില്‍ കോടതി നേരത്തെ സ്റ്റാറ്റിയൂട്ടറി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ വാതില്‍ പാളി കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ പോറ്റി ഇപ്പോഴും റിമാന്‍ഡിലാണ്.