ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള കേസ്: മുരാരി ബാബുവിന് കോടതി ജാമ്യം അനുവദിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 23 ജനുവരി 2026 (17:22 IST)
തിരുവനന്തപുരം: ശബരിമല സ്വര്‍ണ മോഷണ കേസില്‍ റിമാന്‍ഡിലുള്ള മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന് കോടതി ജാമ്യം അനുവദിച്ചു. വാതില്‍ പാളി, ദ്വാരപാലക കേസുകളില്‍ കര്‍ശന വ്യവസ്ഥകളോടെയാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ ഒക്ടോബര്‍ 22 ന് അറസ്റ്റിലായ മുരാരി ബാബുവിന് 90 ദിവസത്തെ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായ
ശേഷമാണ് സ്റ്റാറ്റിയൂട്ടറി ജാമ്യം ലഭിച്ചത്. സ്വര്‍ണ്ണ മോഷണ കേസില്‍ ജാമ്യത്തിലിറങ്ങിയ ആദ്യ പ്രതിയാണ് മുരാരി ബാബു. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ദ്വാരപാലക കേസില്‍ കോടതി നേരത്തെ സ്റ്റാറ്റിയൂട്ടറി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ വാതില്‍ പാളി കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ പോറ്റി ഇപ്പോഴും റിമാന്‍ഡിലാണ്.

അതേസമയം സ്വര്‍ണ്ണ മോഷണക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി മിനിറ്റുകള്‍ക്കുള്ളില്‍ തള്ളി. സ്വര്‍ണ്ണ മോഷണം നടന്ന സമയത്ത് വാസു ദേവസ്വം കമ്മീഷണറുടെ പ്രധാനപ്പെട്ട പദവി വഹിച്ചിരുന്നു. സ്വര്‍ണ്ണ ഫ്രെയിമുകള്‍ വീണ്ടും ലോഹം പൂശുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ശബരിമല സ്വര്‍ണ്ണ മോഷണക്കേസിനെ ജസ്റ്റിസ്മാരായ ദീപങ്കര്‍ ദത്ത, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് വിമര്‍ശിക്കുന്നത് മൂന്നാഴ്ചയ്ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ്. ജനുവരി 5 ന് ദൈവത്തെ പോലും വെറുതെ വിടുന്നില്ലെന്ന് കോടതി വിമര്‍ശിച്ചിരുന്നു.

ഹൈക്കോടതിയുടെ പ്രതികൂല പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കരദാസ് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി
നിലപാട് വ്യക്തമാക്കിയത്. വാസു 72 ദിവസത്തിലേറെയായി ജയിലിലാണെന്ന് അഭിഭാഷകന്‍ ബോധ്യപ്പെടുത്തി. അദ്ദേഹത്തിന് 75 വയസ്സിനു മുകളിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പരിഗണിക്കണം. ഗൂഢാലോചനയില്‍ അദ്ദേഹത്തിന് പങ്കില്ല. എസ്ഐടിയുടെ അന്വേഷണവുമായി അദ്ദേഹം സഹകരിച്ചു. തെളിവെടുപ്പ് പൂര്‍ത്തിയായി. അദ്ദേഹം തിരുവാഭരണം കമ്മീഷണര്‍ ആയിരുന്നില്ല. അതുകൊണ്ട് തന്നെ സ്വര്‍ണ്ണം പൂശുന്നതുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഈ വാദങ്ങളെല്ലാം സുപ്രീം കോടതി തള്ളി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :