ഒപ്പമുണ്ടായിരുന്നവര്‍ പിന്നില്‍ നിന്ന് കുത്തി; രമേശ് ചെന്നിത്തലയ്ക്ക് കടുത്ത അതൃപ്തി

നെല്‍വിന്‍ വില്‍സണ്‍| Last Modified ചൊവ്വ, 25 മെയ് 2021 (09:40 IST)

ഒപ്പം നില്‍ക്കേണ്ടവരില്‍ നിന്നു പോലും വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന് രമേശ് ചെന്നിത്തല. തനിക്ക് ഒരു സൂചന പോലും നല്‍കാതെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് മാറ്റിയതില്‍ ചെന്നിത്തലയ്ക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. നേതൃമാറ്റം ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഹൈക്കമാന്‍ഡിന് അത് നേരത്തെ അറിയിക്കാമായിരുന്നു എന്നാണ് ചെന്നിത്തലയെ പിന്തുണക്കുന്ന നേതാക്കളുടെയും അഭിപ്രായം.

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ചതായിരുന്നെന്ന് ചെന്നിത്തല ആവര്‍ത്തിക്കുന്നു. എന്നാല്‍, തനിക്ക് പാര്‍ട്ടിയില്‍ നിന്നു തന്നെ വേണ്ടത്ര പിന്തുണ ലഭിച്ചിട്ടില്ലെന്ന് ചെന്നിത്തലയ്ക്ക് പരാതിയുണ്ട്. ഐ ഗ്രൂപ്പിലെ എംഎല്‍എമാര്‍ പോലും വി.ഡി.സതീശന് പിന്തുണ നല്‍കിയത് ചെന്നിത്തലയെ ഞെട്ടിച്ചു. ഹൈക്കമാന്‍ഡിനു മുന്നില്‍ നിങ്ങളെയാണ് പിന്തുണച്ചിരിക്കുന്നതെന്ന് ചെന്നിത്തലയോട് പറഞ്ഞ എംഎല്‍എമാര്‍ പോലും സതീശനെ പിന്തുണച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതാണ് ചെന്നിത്തലയെ വേദനിപ്പിക്കുന്നത്. ഒപ്പമുണ്ടായിരുന്നവര്‍ പിന്നില്‍ നിന്നു കുത്തിയെന്നാണ് ചെന്നിത്തല അനുകൂലികളുടെ അഭിപ്രായം.

'എന്റെ പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം ശരിയായിരുന്നുവെന്ന് കാലം വിലയിരുത്തട്ടെ. ഇതോടൊപ്പം എത്രമാത്രം പിന്തുണ എന്റെ പ്രവര്‍ത്തനങ്ങളില്‍ ലഭിച്ചിരുന്നു എന്നതും കാലം കണക്കെടുക്കട്ടെ.
സംസ്ഥാന താല്‍പര്യത്തിനും ജനങ്ങള്‍ക്കുവേണ്ടിയും നടത്തിയ പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിച്ചു എന്നത് പഠനാര്‍ഹമാവട്ടെ,' രമേശ് ചെന്നിത്തല ഇന്നലെ പങ്കുവച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിലെ വരികളാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :