രേണുക വേണു|
Last Modified ബുധന്‍, 14 ജനുവരി 2026 (14:06 IST)
ബലാത്സംഗക്കേസില്‍ അറസ്റ്റിലായ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ അന്വേഷണസംഘവുമായി സഹകരിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. പിടിച്ചെടുത്ത ഫോണുകളുടെ പാസ് വേഡ് രാഹുല്‍ നല്‍കാന്‍ തയ്യാറാകുന്നില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. തനിക്ക് അനുകൂലമായ തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്ന് ചൂണ്ടിക്കാണിച്ചാണ് രാഹുല്‍ നിസഹരണം തുടരുന്നത്.
രാഹുലിന്റെ 2 ഫോണുകള്‍ അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു. ഒന്ന് ആദ്യ ദിവസം പാലക്കാട്ടെ കെപിഎം റീജന്‍സി ഹോട്ടലില്‍ നിന്ന് കസ്റ്റഡിയിലെടുക്കുമ്പോള്‍ കയ്യിലുണ്ടായിരുന്ന ഫോണും ഒന്ന് പാലക്കാട്ടെ ഹോട്ടല്‍ മുറിയില്‍ നിന്ന് പിന്നീട് അന്വേഷണസംഘം കണ്ടെത്തിയ ഐഫോണുമാണ്. ഈ ഫോണുകളുടെ പാസ്വേഡുകള്‍ നല്‍കാന്‍ രാഹുല്‍ ഇനിയും തയ്യാറായിട്ടില്ല.
തനിക്ക് അനുകൂലമായ തെളിവുകള്‍ ഫോണിലുണ്ടെന്നും എസ്‌ഐടി ഫോണ്‍ പരിശോധിച്ചാല്‍ ഈ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും രാഹുല്‍ പറഞ്ഞതായാണ് വിവരം. രാഹുലിന്റെ ഫോണില്‍ പരാതിക്കാരിയുടെ ദൃശ്യങ്ങള്‍ ഉണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. അതേസമയം രാഹുലിന്റെ ലാപ്‌ടോപ്പിനായുള്ള അന്വേഷണവും നടക്കുന്നുണ്ട്.
പരാതിക്കാരി പറഞ്ഞ വാട്‌സാപ്പ് ചാറ്റുകളടക്കം വീണ്ടെടുക്കണമെങ്കില്‍ രാഹുലിന്റെ ഫോണ്‍ തുറന്ന് പരിശോധിക്കേണ്ടതായുണ്ട്. രാഹുലിന്റെ ഫോണുകളെല്ലാം വിശദപരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയക്കാനും എസ്‌ഐടി നീക്കമുണ്ട്. കോളുകള്‍,സന്ദേശങ്ങള്‍,ലൊക്കേഷന്‍ വിവരങ്ങള്‍,ഡിജിറ്റല്‍ ഇടപാടുകള്‍ എന്നിവയാകും അന്വേഷണസംഘം പരിശോധിക്കുക.